ഭാഗ്യശാലി അജ്ഞാതന്‍..!
കണ്ണൂർ: തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി സമ്മാനത്തുക 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്നും കൈപ്പറ്റി. എന്നാല്‍ ഭാഗ്യശാലി അജ്ഞാതനായി തുടരുകയാണ്.
വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്ന് അറിയിച്ചതിനാൽ ലോട്ടറി വകുപ്പ് ഇയാളുടെ സ്വകാര്യത പരിഗണിച്ച് പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. തളിപ്പറമ്പ് സ്വദേശിക്കാണ് ഇത്തവണ തിരുവോണം ബംപറില്‍ ഒന്നാം സമ്മാനം ലഭിച്ചത്.
ടിഎല്‍ 360615 ടിക്കറ്റിനായിരുന്നു ഇത്തവണത്തെ ഓണം ബംപര്‍ അടിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ വലിയ തുകയ്ക്കുള്ള ബംപര്‍ ലോട്ടറി അടിച്ചവരെ തേടി ദൂരദേശങ്ങളില്‍ നിന്ന് പോലും പണം ആവശ്യപ്പെട്ട് ആളുകള്‍ എത്തിയിരുന്നു. ഇതാവാം ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലി അജ്ഞാതനായി തുടരാന്‍ കാരണം എന്ന് കരുതുന്നു.
ഒന്നാം സമ്മാനം ലഭിക്കുന്നയാൾക്ക് നികുതിയും ഏജന്റ് കമ്മീഷനും കഴിഞ്ഞ് 16.47 കോടി രൂപയാണ് അക്കൗണ്ടിൽ എത്തുക. പത്ത് ശതമാനമാണ് (3 കോടി) ഏജന്റ് കമ്മീഷൻ.
ബാക്കി 27 കോടി രൂപയില്‍ ആദായ നികുതിയും (30 ശതമാനം) സര്‍ചാര്‍ജും (25 ശതമാനം) ആരോഗ്യ, വിദ്യാഭ്യാസ സെസും (4 ശതമാനം) കുറവ് വരും. ഇതെല്ലാം കൂടി ഏതാണ്ട് 10.53 കോടി രൂപയാകും.