കന്നി ആയില്യത്തിന് കാഞ്ഞിരമുള്ളപറമ്പിൽ ഭക്തജനസാഗരം
ന്യൂമാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ കന്നിമാസത്തിലെ ആയില്യംനാൾ ആഘോഷത്തിന് വൻ ഭക്തജനത്തിരക്ക്. രാവിലെ മുതൽ ക്ഷേത്രത്തിൽ ഭക്തരുടെ നീണ്ട നിരയായിരുന്നു. വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിയ നൂറുകണക്കിന് ഭക്തർ പൂജകളിലും വഴിപാടുകളിലും പങ്കെടുത്തു.
രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ അഖണ്ഡ നാമജപം നടന്നു. ഉച്ചയ്ക്ക് മുട്ട സമർപ്പണവും നാഗപൂജയും നടത്തി. തുടർന്ന് പ്രസാദ ഊട്ടും നടന്നു. പൂജാകർമങ്ങൾക്ക് ക്ഷേത്രം മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.
തുലാം മാസത്തിലെ ആയില്യംനാൾ ആഘോഷം നവംബർ രണ്ടിന് നടക്കും. ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 11 മുതൽ 21 വരെ നടക്കും. സരസ്വതി പൂജ, വാഹനപൂജ, ഗ്രന്ഥപൂജ, വിദ്യാരംഭം, ഭജന തുടങ്ങിയ ചടങ്ങുകളും ഇതിന്റെ ഭാഗമായി നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.