*നീതിബോധവും മനുഷ്യസ്നേഹവും പ്രതീക്ഷ നൽകുന്നു: കെ.കെ. രമ*
മാഹി: കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും യാതൊരു പ്രയാസവും കൂടാതെ വീരപുരുഷന്മാരായി ആദരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം മാറണമെന്ന് വടകര എം.എൽ.എ കെ.കെ. രമ. കുറ്റകൃത്യങ്ങളുടെ ഇരകളാക്കപ്പെട്ടവർക്കും അർഹമായ നീതി ഉറപ്പാക്കുന്ന സംവിധാനമാണ് ഉണ്ടാകേണ്ടതെന്നും അവർ പറഞ്ഞു.
കേരള സർക്കാറിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായ പെരിങ്ങാടി സ്വദേശി അഡ്വ. ടി. ആസഫലിക്ക് മയ്യഴിയിലെ സുഹൃദ്സംഘം സബർമതി ഇന്നൊവേഷൻ ആൻഡ്. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നൽകിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.കെ. രമ.
നീതിബോധത്തോടെയും മനുഷ്യസ്നേഹത്തോടെയും പ്രവർത്തിക്കുന്ന വ്യക്തിയാണ് ആസഫലി. പുതിയ സർക്കാർ അധികാരമേറ്റ ഉടൻ തന്നെ അദ്ദേഹം നേരിട്ട് വിളിച്ച് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും കേസ് മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓർമിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നീതിബോധവും മനുഷ്യസ്നേഹവും സഹോദര്യവും നേരിട്ട് തിരിച്ചറിയാൻ കഴിഞ്ഞ നിമിഷമായിരുന്നു അതെന്നും കെ.കെ. രമ പറഞ്ഞു.
ഇത്തരം മനുഷ്യർ കൂടെയുണ്ടെന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ലഭിച്ച പദവി ഏറ്റവും മികച്ച രീതിയിൽ വിനിയോഗിച്ച് നീതിക്കുവേണ്ടി പ്രവർത്തിക്കാൻ ആസഫലിക്ക് കഴിയട്ടെയെന്നും അവർ ആശംസിച്ചു.
മാഹി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ പുതുച്ചേരി ആഭ്യന്തരമന്ത്രി ഇ. വത്സരാജ് അധ്യക്ഷത വഹിച്ചു. സബർമതി ഇന്നൊവേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ പി.സി. ദിവാനന്ദൻ സ്വാഗതം പറഞ്ഞു. മാഹി മുൻ എം.എൽ.എ രമേഷ് പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി.
മുതിർന്ന അഭിഭാഷകൻ അഡ്വ. എ.പി. അശോകൻ, സ്വാഗതസംഘം ട്രഷറർ അനിൽ കുമാർ കെ.കെ. എന്നിവർ ആശംസകൾ നേർന്നു. അഡ്വ. ടി. ആസഫലി സ്വീകരണത്തിന് മറുപടി പറഞ്ഞു. സ്വാഗതസംഘം ജനറൽ കൺവീനർ സജിത് നാരായണൻ നന്ദി പറഞ്ഞു.