സി.എച്ച്. ഗംഗാധരൻ അനുസ്മരണം: തണൽ മരത്തെ ആദരിച്ചു(സി.എച്ചിന് മാഹിയിൽ സ്മാരകം വേണം)

സി.എച്ച്. ഗംഗാധരൻ അനുസ്മരണം: തണൽ മരത്തെ ആദരിച്ചു(സി.എച്ചിന് മാഹിയിൽ സ്മാരകം വേണം)

സഹൃദ് സംഘം മാഹി നടത്തിയ സി. എച്ച്.ഗംഗാധരൻ അനുസ്മരണത്തിൻ്റെ ഭാഗമായി അസീസ് ഹാജി, ഷിജില അനീഷ്,
സി.എച്ച്. അനവദ്യ എന്നിവർ ചേർന്ന് ടാഗോർ പാർക്കിലെ തണൽ മരത്തിന് ആദരം അർപ്പിക്കുന്നു

മയ്യഴി: മയ്യഴിയുടെ ചരിത്രകാരനും എഴുത്തുകാരനും പ്രഭാഷകനും ദീർഘകാലം മാതൃഭൂമി മയ്യഴി ലേഖകനുമായിരുന്ന  സി.എച്ച്. ഗംഗാധരനെ അദ്ദേഹത്തിന്റെ 13ാം ചരമവാർഷികദിനത്തിൽ സഹൃദ് സംഘം മാഹി അനുസ്മരിച്ചു. മാഹി പാദാറിൽ നടന്ന ലളിതമായ ചടങ്ങിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.
മാഹി ടാഗോർ പാർക്കും അവിടെയുള്ള മരങ്ങളും സംരക്ഷിക്കാൻ നടന്ന സമരമുഖങ്ങളിൽ ഒപ്പം ചേർന്ന്  മാധ്യമ പ്രവർത്തനം നടത്തിയ സി.എച്ചിനെ 
അനുസ്മരിച്ച് പാർക്കിലെ തണൽ മരത്തെ ഷാൾ അണിയിച്ച് ആദരിച്ചു.
സി.എച്ചിന്റെ അടുത്ത സുഹൃത്തും ജീവകാരുണ്യ പ്രവർത്തകനുമായ അസീസ് ഹാജി, സി.എച്ചിൻ്റെ മകൻ്റെ ഭാര്യ ഷിജില അനീഷ്, പേരമകൾ സി.എച്ച്. അനവദ്യ എന്നിവർ ചേർന്നാണ് തണൽ മരത്തിന് ആദരവ് നൽകിയത്.

സി.എച്ചിന് എക്കാലവും ഓർമ്മിക്കുന്ന ഒരു സ്മാരകം മയ്യഴിയിൽ ഉണ്ടാവണമെന്നു യോഗം അഭിപ്രായപ്പെട്ടു. അത് യാഥാർഥ്യമാക്കാൻ കൂട്ടായ്മ തുടർ പ്രവർത്തനം നടത്തും.
സി.എച്ചിൻ്റെ പേരിൽ ഒരു എൻ്റോവ്മെൻ്റ്ഏർപ്പെടുത്താനും സി.എച്ചിൻ്റെ ജീവചരിത്ര സംബന്ധിയായ ഒരു പുസ്തകം യാഥാർഥ്യമാക്കാനും കൂട്ടായ്മ തീരുമാനിച്ചു.
പള്ളിയൻ പ്രമോദ് അധ്യക്ഷത വഹിച്ചു. അസീസ് ഹാജി പന്തക്കൽ, അസീസ് മാഹി, സി.എച്ച്.എ. മുഹമ്മദലി, ഉത്തമ രാജ് മാഹി, ഹരി താഴങ്ങാടി, പി.പി.വിനോദൻ, കെ. ഹരീന്ദ്രൻ, എം.എ. കൃഷ്ണൻ, വിനയൻ പുത്തലം, എ. ദിനേശൻ, കെ.പി.സുനിൽകുമാർ, എൻ.വി.അജയകുമാർ എന്നിവർ പ്രസംഗിച്ചു.