സൗദിയിൽ മയക്കുമരുന്ന് കടത്ത് കേസിൽ കണ്ണൂർ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി
ദമാം: ഒമാനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മാരക ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി.
കണ്ണൂർ മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളില (41) യുടെ ശിക്ഷയാണ് സൗദി ആഭ്യന്തര മന്ത്രാലയം ദമാമിൽ നടപ്പാക്കിയത്.
2023-ൽ ഒമാനിൽ നിന്ന് റോഡ് മാർഗം സൗദിയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് അബൂട്ടി പിടിയിലാകുന്നത്. ഇയാൾ ഓടിച്ചിരുന്ന വാനിൽ നിന്ന് 43 കിലോ ഗ്രാം മെത്താംഫെറ്റാമൈൻ (പരൽ രൂപത്തിലുള്ള മാരക ലഹരിവസ്തു) സൗദി സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു.
തുടർന്ന് നടന്ന കോടതി നടപടികൾക്കൊടുവിൽ കുറ്റം തെളിയിക്കപ്പെട്ട പ്രതിക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
ഈ വിധിക്ക് ഉയർന്ന കോടതികളുടെ അംഗീകാരവും രാജകല്പനയും ലഭിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
മയക്കുമരുന്ന് മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രാലയം വ്യക്തമാക്കി.