കൊട്ടിയൂരിലെ ആചാരലംഘനത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ

കൂത്തുപറമ്പ് : ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ കൊട്ടിയൂരിൽ നടന്ന ആചാരലംഘനങ്ങൾക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 10ന് ഇക്കരെ കൊട്ടിയൂരിലാണ് പ്രതിഷേധ കൂട്ടായ്മ.
കൊട്ടിയൂരിലെ ആചാരലംഘനം, ആയില്യാർ കാവിലെ മരം മുറിച്ചുമാറ്റിയത്, അക്കരെ കൊട്ടിയൂരിലെ സുരക്ഷാവീഴ്ച എന്നിവയിൽ പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആയില്യാർ കാവിൽ നിന്ന് മരം മുറിച്ചുമാറ്റിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഭക്തസംഘം ആവശ്യപ്പെട്ടു.
മറ്റാർക്കും പ്രവേശനമില്ലാത്ത ആയില്യാർ കാവിൽ എത്തി മരം മുറിച്ചുമാറ്റിയത് ആരാണെന്ന് ഭക്തജനങ്ങൾക്ക് വ്യക്തമാക്കണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഭാരവാഹികൾ
ആവശ്യപ്പെട്ടു. വിഷയത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ, ജില്ലാ കലക്ടർ, ദേവസ്വം കമ്മീഷണർ, ദേവസ്വം ചെയർമാൻ, ദേവസ്വം വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് നെയ്യമൃത് ഭക്തസംഘം നിവേദനം നൽകി.
കൂത്തുപറമ്പിൽ ചേർന്ന നെയ്യമൃത് ഭക്തസംഘം പ്രവർത്തകസമിതി–മഠം കാരണവർ സംയുക്ത യോഗത്തിൽ ഭക്തസംഘം വൈസ് പ്രസിഡന്റ് സി.വി. ദാമോദരൻ നായർ അധ്യക്ഷത വഹിച്ചു. വില്ലിപ്പാലൻ മാധവ കുറുപ്പ്, ഭക്തസംഘം ജനറൽ സെക്രട്ടറി എം.ആർ. രജീഷ്,
ട്രഷറർ പി.വി. മാധവൻ നമ്പ്യാർ, പി.പി. രാമചന്ദ്രൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ തില്ലങ്കേരി, ഗംഗാധരൻ ആലച്ചേരി, ഹരിദാസൻ, പ്രേമരാജൻ എടയാർ, ലിജീഷ്, ദാസൻ പുത്തൂർ, ജയരാജൻ എടച്ചേരി, ഗംഗാധരൻ പുറമേരി എന്നിവർ സംസാരിച്ചു.