പ്രകാശം പത്മനാഭം: വർത്തമാന സാഹചര്യത്തിൽ ഞാൻ ദുഃഖിതനാണ്, പപ്പേട്ടൻ മനസ്സ് തുറന്നു, സംവാദവേദി വൈകാരികമായി മാറി
ഏഴര പതിറ്റാണ്ട് കാലത്തോളമായി ആത്മബന്ധമുള്ള പ്രിയസുഹൃത്തായ എ.പി.കുഞ്ഞിക്കണ്ണനെ കേന്ദ്ര കഥാപാത്രമാക്കി നാല് കഥകൾ എഴുതിയിട്ടുണ്ട്. കലാഗ്രാമത്തിന്റെ സ്ഥാപകൻ കൂടിയായ എ.പി.കുഞ്ഞികണ്ണനെ ഓർക്കാത്ത ഒരു ദിവസം പോലും തൻ്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടില്ലെന്ന് പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭൻ പറഞ്ഞു. കലാഗ്രാമത്തിൽ നടന്ന പ്രകാശം പത്മനാഭം എന്ന മുഖാമുഖം പരിപാടിയിൽ നാരായണൻ കാവുമ്പായിയുമായുള്ള തുറന്ന സംവാദവേദിയിൽ ടി.പത്മനാഭൻ തന്റെ മനസ്സ് തുറന്നതോടെ വൈകാരികമായി മാറി. ജീവിതത്തിൽ സ്വപ്‌നങ്ങൾ എനിക്ക് വലിയ നേട്ടങ്ങളാണ് ഉണ്ടാക്കിതന്നത്. സൗഹൃദങ്ങൾ ഒരിക്കലും ഞാൻ ദുരുപയോഗം ചെയ്തിട്ടില്ല. എന്റെ കഥകൾ സിനിമകളാക്കാൻ എനിക്ക് താല്പര്യമില്ല, അത് എന്റെ മേഖലയുമല്ല, പല പ്രമുഖരും അതിനായി എന്നെ സമീപിച്ചെങ്കിലും എന്റെ മനസ്സ് എന്നെ അതിനനുവദിച്ചില്ല. ഇനിയുള്ള ജീവിതത്തെക്കുറച്ച് ഒന്നും അറിയില്ല, ജീവിതം ഉണ്ടോയെന്നും അറിയില്ല, എന്റെ ജീവിതത്തിലെ പഴയ കാലത്തേക്ക് തിരിഞ്ഞ് നോക്കുമ്പോൾ സംതൃപ്‌തിയേയുള്ളൂ. വർത്തമാനകാല സാഹചര്യത്തിൽ ഞാൻ ദുഖിതനാണെന്ന് ഒറ്റവാക്കിൽ ഉത്തരം പറയാം. ജീവിതത്തിൽ ഇന്നുവരെ പുരസ്‌കാരങ്ങളും സ്ഥാനമാനങ്ങളും ഒന്നുംതന്നെ മോഹിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രിയപ്പെട്ടവർ വച്ചു നീട്ടിയ വലിയ പുരസ്‌കാരങ്ങളും പ്രലോഭനീയമായ സ്ഥാനമാനങ്ങളും തിരസ്കരിച്ചിട്ടുണ്ട്. തന്റെ എല്ലാ കൃതികളിലും തന്റെ ആത്മാംശമുണ്ട് അതുകൊണ്ട് തന്നെ വർത്തമാന കാലാവസ്ഥയിലും മാറ്റമുണ്ടാവും. എന്നാൽ നമ്മുടെ തലസ്ഥാനഗരി എന്നും കുരുക്ഷേത്ര ഭൂമിയായിരുന്നു. അതിലൊരു മാറ്റത്തെകുറിച്ച് തനിക്ക് പ്രതീക്ഷയില്ല. മലയാള കലാഗ്രാമത്തിലെ എ.പി.കുഞ്ഞിക്കണ്ണന്റെ പൂർണ്ണകായ പ്രതിമയ്ക്ക് സമീപത്തായി നടന്ന വൈകാരികമായ ചടങ്ങിൽ ടി.പത്മനാഭൻ വികാരാധീനനായി. മുതിർന്ന മാധ്യമ പ്രവർത്തകൻ കലൈമാമണി ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. ഡോ:രാജാറാം, ഡോ:വത്സലൻ, ആനന്ദ് കുമാർ പറമ്പത്ത് തുടങ്ങിയവർ സംവാദത്തിൽ സംസാരിച്ചു.
അസിസ് മാഹി സ്വാഗതവും പി.ജയരാജൻ നന്ദിയും പറഞ്ഞു.