‘ഖാനാ പീനാ’; രുചിപ്പൂരമൊരുക്കി ടൂറിസം വിദ്യാർത്ഥികൾ

‘ഖാനാ പീനാ’;  രുചിപ്പൂരമൊരുക്കി ടൂറിസം വിദ്യാർത്ഥികൾ

മാഹി: അറേബ്യൻ മണമുള്ള മലബാറി ബിരിയാണിയും, ഉത്തരേന്ത്യൻ ചാട്ടുകളുടെ എരിവും പുളിയും ഒത്തുചേർന്നപ്പോൾ വൈവിധ്യമാർന്ന രുചിക്കൂട്ടുകളുടെ മനോഹരമായൊരു സംഗമവേദിയായി മാറി പള്ളൂരിലെ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ & ടെക്നോളജി കാമ്പസ്.  കോളേജിലെ ടൂറിസം വിഭാഗവും 'ട്രാവലോഫിന' ടൂറിസം ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച 'ഖാനാ പീനാ' ഫുഡ് ഫെസ്റ്റ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ വേറിട്ടൊരു രുചിവിരുന്നായി.
വിദ്യാർത്ഥികളിലെ  പാചക നൈപുണ്യവും ബിസിനസ്സ് സംരംഭകത്വ മികവും പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യമേള ഒരുക്കിയത്. കോളേജ് പ്രിൻസിപ്പാൾ ഡോ. സി.ജി. ലക്ഷ്മിദേവി മേള  ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പ് മേധാവി വി. ഭവിഷ, അസിസ്റ്റന്റ് പ്രൊഫസർമാരായ വി. വിപിന, സച്ചിൻ സജീവ്, മുഹമ്മദ് റിഷാൽ എന്നിവരും ടൂറിസം ക്ലബ് പ്രതിനിധികളും  നേതൃത്വം നൽകി.
വിദ്യാർത്ഥികൾ തന്നെ നേരിട്ട് മാനേജ് ചെയ്ത സ്റ്റാളുകളിൽ നാടൻ തട്ടുകട വിഭവങ്ങൾ മുതൽ നോർത്ത് ഇന്ത്യൻ ഡെലിഷ്യസ് ഡിഷുകൾ വരെയാണ് ലൈവായി അണിനിരന്നത്. കേവലമൊരു ഭക്ഷണ വില്പനയ്ക്കുമപ്പുറം, കാമ്പസിനെ ഒരുത്സവപ്പറമ്പാക്കി മാറ്റാൻ ഈ രുചിമേളയ്ക്കായി.
മേളയുടെ ഭാഗമായി നടന്ന പാചക മത്സരങ്ങളും ജഡ്ജ്‌മെന്റും ഏറെ ആവേശകരമായിരുന്നു. മികച്ച വിഭവങ്ങൾ തയ്യാറാക്കിയ മിടുക്കന്മാർക്ക് ചടങ്ങിൽ വെച്ച് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു. ബി.ബി.എ ടൂറിസം വിദ്യാർത്ഥികളുടെ ഒത്തൊരുമയും ക്രിയേറ്റിവിറ്റിയും വിളിച്ചോതിയ 'ഖാനാ പീനാ' ഫുഡ് ഫെസ്റ്റ് വൻ വിജയമായി.


ചിത്രവിവരണം: വിദ്യാർത്ഥികളുടെ കൈപ്പുണ്യം തൊട്ടറിഞ്ഞ്...  വിഭവങ്ങൾ രുചിച്ചുനോക്കുന്ന പ്രിൻസിപ്പാൾ ഡോ.സി.ജി ലക്ഷ്മിദേവി