*ബോട്ടണി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു*
മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജ് മാഹിയിലെ പി.ജി. ബോട്ടണി വിഭാഗത്തിന്റെ ബോട്ടണി അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അസോസിയേഷൻ ഉദ്ഘാടനവും പ്രത്യേക പ്രഭാഷണവും കോളേജ് സെമിനാർ ഹാളിൽ പയ്യന്നൂർ കോളേജ് പി.ജി. ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. രതീഷ് നാരായണൻ എം.കെ. ഉദ്ഘാടനം ചെയ്തു.
“തീരപ്രദേശങ്ങളിൽ നിന്ന് ഉയർന്ന മലനിരകളിലേക്ക്: കേരളത്തിലെ ആവാസവ്യവസ്ഥകളുടെ വൈവിധ്യവും സസ്യജാലങ്ങളിലെ തദ്ദേശീയതയും” എന്ന വിഷയത്തിൽ അദ്ദേഹം പ്രത്യേക പ്രഭാഷണം നടത്തി. കേരളത്തിന്റെ വിവിധ ഭൂപ്രദേശങ്ങളിലെ ആവാസവ്യവസ്ഥകളുടെ വൈവിധ്യം, സസ്യസമ്പത്ത്, തദ്ദേശീയ സസ്യജാലങ്ങളുടെ പ്രത്യേകതകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ശിവദാസൻ അധ്യക്ഷനായി. പി.ജി. ബോട്ടണി വിഭാഗം മേധാവി ഡോ. ജി. പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനിൽ രാജ് കെ.എൻ. അതിഥിയെ പരിചയപ്പെടുത്തി.
മികവ് പുലർത്തിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. സുവോളജി വിഭാഗം മേധാവിയും ഐ.ക്യു.എ.സി. കോ-ഓർഡിനേറ്ററുമായ ഡോ. കെ.എം. ഗോപിനാഥൻ, പി.ടി.എ. പ്രസിഡന്റ് സുചിത്ര പി. എന്നിവർ സംസാരിച്ചു. ബോട്ടണി അസോസിയേഷൻ സെക്രട്ടറി സമ ഫാത്തിമ നന്ദി പറഞ്ഞു.
തുടർന്ന് വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത സംവാദവും നടന്നു.