പുതുച്ചേരിയിൽ ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണം; കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി എ. നമച്ചിവായം

പുതുച്ചേരിയിൽ ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണം; കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി എ. നമച്ചിവായം

ന്യൂഡൽഹി: പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്ത് മദ്രാസ് ഹൈക്കോടതിയുടെ പ്രത്യേക ശാഖ (ബെഞ്ച്) സ്ഥാപിക്കണമെന്ന ആവശ്യവുമായി പുതുച്ചേരി സർക്കാർ കേന്ദ്രത്തെ സമീപിച്ചു. 

പുതുച്ചേരി മന്ത്രി എ. നമച്ചിവായം ചൊവ്വാഴ്ച ന്യൂഡൽഹിയിൽ കേന്ദ്ര നിയമ-നീതിന്യായ മന്ത്രി അർജുൻ റാം മേഘ്‌വാളിനെ നേരിട്ടുകണ്ട് ഇതുസംബന്ധിച്ച നിവേദനം സമർപ്പിച്ചു.

പുതുച്ചേരിയിലെ പൊതുജനങ്ങൾക്കും അഭിഭാഷകർക്കും വ്യവഹാരികൾക്കും കുറഞ്ഞ ചെലവിലും വേഗത്തിലും നീതി ലഭ്യമാക്കാൻ ഹൈക്കോടതി ബെഞ്ച് അനിവാര്യമാണെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു. 


നിലവിൽ കോടതി ആവശ്യങ്ങൾക്കായി ചെന്നൈയിലെ മദ്രാസ് ഹൈക്കോടതിയെയാണ് പുതുച്ചേരിയിലുള്ളവർ ആശ്രയിക്കുന്നത്.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നു.

 പുതുച്ചേരി സർക്കാരിന്റെ ആവശ്യത്തോട് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അനുകൂലമായാണ് പ്രതികരിച്ചതെന്നും, വിഷയം വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ വേഗത്തിലാക്കാമെന്ന് ഉറപ്പുനൽകിയതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.