കേരളത്തിലെ ആദ്യ റെയിൽവേ കോച്ച് റസ്റ്ററൻ്റ് ഇന്നുമുതല്‍ പയ്യന്നൂരിൽ

കേരളത്തിലെ ആദ്യ റെയിൽവേ കോച്ച് റസ്റ്ററൻ്റ് ഇന്നുമുതല്‍ പയ്യന്നൂരിൽ

പയ്യന്നൂർ: പയ്യന്നൂര്‍ റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് ഇനി ബോഗിക്കുള്ളിലിരുന്ന് ഭക്ഷണം കഴിക്കാം. കേരളത്തിലെ ആദ്യ റെയിൽവേ കോച്ച് റസ്റ്ററൻ്റ് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ്റെ പ്രധാന കവാടത്തിന് സമീപം ഇന്ന് പ്രവർത്തിച്ചുതുടങ്ങും. രാവിലെ 11 മണിക്ക് ഡി.ആർ.എം. മധുകർ റാവത്ത് ഉദ്ഘാടനം ചെയ്യുന്നതോടെ പയ്യന്നൂരിന്റെ രുചിവൈവിധ്യം  ഇനി ട്രെയിനില്‍വന്നിറങ്ങുന്ന മറ്റു യാത്രക്കാര്‍ക്കും  ഉപയോഗപ്പെടുത്താം.പ്ലാറ്റ്ഫോമിന് പുറത്തായതിനാല്‍ പൊതുജനങ്ങള്‍ക്കും ടിക്കറ്റ് കൂടാതെ ഇവിടെ കയറാനാവും.

സ്റ്റേഷന്റെ പ്രധാനകവാടത്തിന് സമീപം പ്രത്യേകം ട്രാക്ക് ഒരുക്കിയാണ് പഴയ റെയിൽവേ കോച്ച് സ്ഥാപിച്ചത്.മംഗളൂരുവിൽ നിന്ന് എത്തിച്ച പഴയ ത്രീ ടയർ എ.സി. കോച്ചാണ് റസ്റ്ററന്റായി മാറ്റിയെടുത്തത്.

എല്ലാദിവസവും രാവിലെ അഞ്ചുമുതൽ റസ്റ്ററന്റ് പ്രവർത്തിക്കും. 24 മണിക്കൂറും ഭക്ഷണവും ചായയും ലഭ്യമാകും. ഒരേസമയം 50 പേർക്ക് കോച്ചിനുള്ളിലും 30 പേർക്ക് സമീപത്ത് തയ്യാറാക്കിയ പ്ലാറ്റ്ഫോമിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

ഐ.ആർ.സി.ടി.സി. ആപ്പ് വഴി ഭക്ഷണം ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.

റസ്റ്ററന്റിനൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന ടീവണ്ടിയും ഉണ്ടാകും. സ്റ്റേഷന് മുൻവശത്ത് രാമന്തളി, എട്ടിക്കുളം ഭാഗങ്ങളിലേക്കുള്ള ബസുകൾ നിർത്തുന്ന സ്ഥലത്തിന് സമീപമാണ് റസ്റ്ററൻ്റ്.പ്രമുഖ ഹോട്ടല്‍ ബിസിനസ് ഗ്രൂപ്പായ ജുജു ഇന്റര്‍നാഷണലാണ് അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കുള്ള കരാറെടുത്തിരിക്കുന്നത്.