വിശ്വകർമ ജയന്തി: മാഹിയിൽ നാളെ പ്രകടനവും പൊതുസമ്മേളനവും

മാഹി, സെപ്റ്റംബർ 16: വിശ്വകർമ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്.) നാളെ (സെപ്റ്റംബർ 17) മാഹിയിൽ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും. തലശ്ശേരി–മാഹി മേഖലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.
രാവിലെ 10ന് കല്ലായി അങ്ങാടിയിൽനിന്ന് ആരംഭിക്കുന്ന പ്രകടനം മാഹിപ്പാലം, മാഹി മെയിൻ റോഡ് വഴി മാഹി മുനിസിപ്പൽ മൈതാനിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര പ്രാന്ത ശാരീരിക് ശിക്ഷൺ പ്രമുഖ് ഒ. രാഗേഷ് മുഖ്യഭാഷണം നടത്തും.
വിശ്വകർമാവിന്റെ കർമകുശലതയും ആത്മസമർപ്പണവും തൊഴിലാളികൾക്ക് മാതൃകയും പ്രചോദനവുമാണെന്ന് ബി.എം.എസ്. ഭാരവാഹികൾ അറിയിച്ചു