*മാഹിയിൽ എം. പത്മകുമാറിന്റെ പുതിയ ചിത്രത്തിന് തുടക്കം* *അമല പോൾ നായിക; ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ*
മാഹി: രാജസാഗർ ഫിലിംസിന്റെ ബാനറിൽ രമേഷ് ഗോപിനാഥൻ നിർമ്മിച്ച് എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ മാഹിയിൽ നടന്നു. മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ സ്വിച്ച് ഓൺ കർമം നിർവഹിച്ചു.
മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജ്, മാഹി സർക്കിൾ ഇൻസ്പെക്ടർ സി.എ. അനിൽകുമാർ, നിർമാതാവ് രമേഷ് ഗോപിനാഥൻ, സംവിധായകൻ എം. പത്മകുമാർ, നടി അമല പോൾ, കോട്ടയം നസീർ, ഇർഷാദ്, ലിബർട്ടി ബഷീർ, പി.ആർ.ഒ. വാഴൂർ ജോസ് തുടങ്ങിയ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ചലച്ചിത്ര രംഗത്തെ പ്രമുഖർ പൂജയിൽ പങ്കെടുത്തു.
അമല പോളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്ത്രീകേന്ദ്രീകൃത പ്രമേയത്തിലുള്ള ചിത്രം ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിലാണ് ഒരുങ്ങുന്നത്.
താൻ ആദ്യമായാണ് ഈ ജോണറിൽ സിനിമ സംവിധാനം ചെയ്യുന്നതെന്ന് സംവിധായകൻ എം. പത്മകുമാർ പറഞ്ഞു. അതുകൊണ്ടുതന്നെ ചിത്രത്തിന് പ്രത്യേകമായ ആവേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇർഷാദ്, കോട്ടയം നസീർ, ബിനു പപ്പു തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. മലയാള സിനിമയ്ക്ക് പുതിയ ദൃശ്യാനുഭവം നൽകുക എന്നതിലുപരി, തനിക്ക് തന്നെ പുതിയ അനുഭവമായിരിക്കും ഈ ചിത്രമെന്നും പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പത്മകുമാർ പറഞ്ഞു. എല്ലാവരുടെയും പ്രാർഥനയും പിന്തുണയും അദ്ദേഹം അഭ്യർഥിച്ചു.
മാഹി, വടകര, ഓർക്കാട്ടേരി, കൂത്തുപറമ്പ്, മംഗളൂരു എന്നിവിടങ്ങളിലായാണ് ചിത്രീകരണം. ചിത്രത്തിന്റെ പേര് അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സംവിധായകൻ അറിയിച്ചു.
എം. പി. സുനീഷ് കുമാറാണ് രചന. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് സൂരജ് എസ്. നിർവഹിക്കും. സാബുരാമാണ് കലാസംവിധാനം. ഷംനാസ് എം. അഷ്റഫ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവാണ്.
നന്ദഗോപനും കെ. കെ. നിഷാദും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. ഹരിനാരായണൻ, മുത്തു, വിവേക് മുഴക്കുന്ന് എന്നിവരാണ് ഗാനരചയിതാക്കൾ. നെഷ് കുമാറും അനുഷ വിശ്വനാഥനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.
സമീറ സനീഷ് വസ്ത്രാലങ്കാരവും രതീഷ് അമ്പാടി മേക്കപ്പും നിർവഹിക്കുന്നു. തോബിയാസ് പ്രൊഡക്ഷൻ കൺട്രോളറും സുജൻ കുമാർ ലൈൻ പ്രൊഡ്യൂസറുമാണ്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ. പി.സി. സ്റ്റണ്ട്സ്, മൈക്കിൾ, അഷ്റഫ് ഗുരുക്കൾ എന്നിവർ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. സിബിയാണ് സ്റ്റിൽസ്.