പേരാവൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ ഏഴു പേർക്കെതിരെ കേസ്; മൂന്ന് പേർ അറസ്റ്റിൽ
പേരാവൂർ : പാമ്പാളിയിൽ കല്യാണ വീട്ടിലെത്തിയ യുവാക്കളെ അയൽവാസിയുടെ നേതൃത്വത്തിൽ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേരെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂർ സ്വദേശികളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
അൻസാർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റവരിൽ ഗുരുതരാവസ്ഥയിലുള്ള അൻസാറിനെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും, അരുൺ, അഭിജിത്ത് എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി കല്യാണ വീട്ടിലെത്തിയ യുവാക്കൾ മദ്യപിച്ച് പാട്ടുപാടിയതിനെ അയൽവാസിയായ രാജേഷ് ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്. തർക്കത്തിനിടെ രാജേഷ് സുഹൃത്തുക്കളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരെ വിളിച്ചുവരുത്തുകയും യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ പേരാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.