രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാർ : ബാങ്കിങ് സേവനങ്ങൾ നാല് ദിവസം തടസ്സപ്പെട്ടേക്കും
സെപ്റ്റംബർ 11ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) അറിയിച്ചു.
അഞ്ചുദിവസ ബാങ്കിങ് നടപ്പാക്കുന്നതിലെ കാലതാമസം, മികവ് അടിസ്ഥാനമാക്കിയുള്ള ഇൻസെന്റീവ് (പി.എൽ.ഐ) പദ്ധതിയിലെ വിവേചനം പരിഹരിക്കുക, പെൻഷൻ പരിഷ്കരണം ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 28 മുതൽ മൂന്ന് ദിവസത്തെ പണിമുടക്കും ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും നടത്തുമെന്ന് യൂനിയനുകൾ മുന്നറിയിപ്പ് നൽകി.
2024 മാർച്ച് എട്ടിന് ഒപ്പുവെച്ച കരാറിന്റെ ഭാഗമായി അഞ്ചുദിവസ ബാങ്കിങ് നിർദേശം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) അംഗീകരിച്ചിരുന്നു. തിങ്കൾ മുതൽ വെള്ളി വരെ ജോലി സമയം 40 മിനിറ്റ് വീതം വർധിപ്പിക്കണമെന്നതായിരുന്നു നിർദേശം. എന്നാൽ, രണ്ട് വർഷത്തിലേറെയായിട്ടും സർക്കാർ ഇതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് ബാങ്ക് ഓഫിസേഴ്സ് സംഘടനകൾ പറഞ്ഞു