സുകുമാരക്കുറുപ്പുമായി സാദൃശ്യം, ജോണ്‍ മേനോന് ദുരൂഹ ഇടപാടുകള്‍; പൊലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങള്‍

സുകുമാരക്കുറുപ്പുമായി സാദൃശ്യം, ജോണ്‍ മേനോന് ദുരൂഹ ഇടപാടുകള്‍; പൊലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങള്‍

42 വർഷമായി പൊലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോണ്‍ മേനോനെക്കുറിച്ച്‌ പൊലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങള്‍ ലഭിച്ചു.മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില ഉദ്യോഗസ്ഥർക്ക് വിവരം നല്‍കിയത്. ദുരൂഹ ഇടപാടുകാരനാണ് ജോണ്‍ മേനോനെന്നാണ് വിവരം. നിർമ്മാണ സാധനങ്ങളുടെ കരാറില്‍ രണ്ടു വർഷം മുമ്പ് ക്രമക്കേട് നടത്തിയ സംഭവത്തില്‍ ജോണിൻ്റെ പാർട്ട്ണറായ പാകിസ്ഥാനിക്കെതിരെ കേസെടുത്തിരുന്നു. മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബമെന്നാണ് പരിചയപ്പെട്ട ചിലരോട് ജോണ്‍ പറഞ്ഞിരുന്നത്.

പൊലീസിൻ്റെ കണ്ണുവെട്ടിച്ച്‌ കടന്നുകളഞ്ഞ സുകുമാരക്കുറുപ്പ് വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്ന പ്രചാരണങ്ങള്‍ സ്ഥിരീകരിക്കാനുള്ള ശ്രമം ക്രൈംബ്രാഞ്ച് തുടരുകയാണ്. ഏഷ്യൻ രാജ്യമായ ബ്രൂണെയില്‍ സുകുമാരക്കുറുപ്പിൻ്റെ രൂപസാദൃശ്യമുള്ള വ്യക്തിയെ കണ്ടുവെന്ന പ്രചാരണങ്ങളില്‍ സ്ഥിരീകരണം വരുത്താനായി ഇൻ്റർപോളിൻ്റെ സഹായം ക്രൈംബ്രാഞ്ച് തേടും. നിലവില്‍ പുറത്തുവരുന്ന വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച്‌ ക്രൈംബ്രാഞ്ച് ഐജി ശ്യാം സുന്ദർ ഇൻ്റർപോളിന് കത്ത് നല്‍കും. സുകുമാരക്കുറുപ്പിൻ്റെ രൂപസാദൃശ്യമുള്ള വ്യക്തിയുടെ ചിത്രം ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഈ വിവരങ്ങള്‍ പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇൻ്റർപോളില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ലഭിച്ച ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.80 വയസ്സില്‍ അധികമുള്ള ഹൃദ്രോഗബാധിതനായ സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിമഗനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയിരുന്നു. ഇതിനിടെയാണ് സുകുമാരക്കുറുപ്പിൻ്റെ രൂപസാദൃശ്യമുള്ള വ്യക്തിയെ കണ്ടുവെന്ന പ്രചാരണങ്ങള്‍ സജീവമായത്. ജോണ്‍ മേനോൻ എന്ന പേരില്‍ സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ താമസിക്കുന്നുണ്ടെന്നാണ് പുറത്തുവന്ന വിവരം.

1984 ജനുവരി 22ന് നടന്ന നിഷ്ഠൂരമായ കൊലപാതകത്തില്‍ പ്രതിയായ സുകുമാരക്കുറുപ്പ് എവിടെ ആണെന്ന കാര്യത്തില്‍ പൊലീസിന് നാളിതുവരെ ഒരു തുമ്പും ലഭിച്ചിരുന്നില്ല. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യത്തില്‍ പോലും പൊലീസിന് വ്യക്തത വരുത്താൻ കഴിഞ്ഞിരുന്നില്ല. രണ്ട് പതിറ്റാണ്ടിന് മുമ്പ് ജാർഖണ്ഡില്‍ ജോലി ചെയ്ത മലയാളി നഴ്സ് രത്നമ്മ ആണ് സുകുമാരക്കുറുപ്പിനെ അവസാനമായി കണ്ടത്. കേരള പൊലീസ് അവിടെ എത്തുമ്പോഴേക്കും സുകുമാരക്കുറുപ്പ് രക്ഷപ്പെട്ടു.സുകുമാരക്കുറുപ്പിൻ്റെ രൂപസാദൃശ്യമുള്ള ഫിലിം റെപ്രസൻ്റീവ് ചാക്കോയെ കഴുത്തു ഞെരിച്ച്‌ കൊന്ന് സ്വന്തം കാറിലിട്ട് ചുട്ടെരിച്ചതാണ് കേസ്. മരിച്ചത് കുറുപ്പാണെന്ന വരുത്തിത്തീർത്ത് ഇൻഷുറൻസ് തുക തട്ടിയെടുക്കാനായിരുന്നു അരുംകൊല നടന്നത്. കൊലയ്ക്ക് ശേഷം മുങ്ങിയ കുറുപ്പിനെ കണ്ടെത്താൻ ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചുമെല്ലാം പടിച്ച പണി പതിനെട്ടു നോക്കിയെങ്കിലും ഒരു തുമ്പു പോലും ലഭിച്ചിരുന്നില്ല.