അന്തരിച്ച ടി.കെഡി മുഴപ്പിലങ്ങാടിനെ എഴുത്തുകാരന്‍ ബഷീര്‍ പെരുവളത്ത്പറമ്പ് അനുസ്മരിക്കുന്നു:
പ്രശസ്ത സാഹിത്യകാരനും കലാ സാംസ്കാരിക മണ്ഡലങ്ങളിലെ ഉജ്ജ്വല സാന്നിധ്യവുമായിരുന്ന ടി.കെ.ഡി മുഴപ്പിലങ്ങാട് എന്ന തൈക്കണ്ടിയിൽ കുന്നുമ്പ്രത്ത് ദാമോദരന്റെ വിയോഗ വാർത്ത വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്.
മരണത്തെ രംഗബോധമില്ലാത്ത കോമാളി എന്ന് വിശേഷിപ്പിക്കുന്ന വാക്കുകൾ നമ്മുടെ മുന്നിലുണ്ടെങ്കിലും, ചില മരണങ്ങൾ വളരെ വേദനാജനകമാണ്. ടി.കെ.ഡി മുഴപ്പിലങ്ങാടിൻ്റെ വിയോഗം അത്തരത്തിലുള്ള ഒരു നഷ്ടമാണ്.
ദിവസങ്ങൾക്കുമുമ്പ് വാഹനാപകടത്തിൽപ്പെട്ട അദ്ദേഹം പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി; കേരള സാഹിത്യ അക്കാദമി അവാർഡ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, ഗുരുപൂജ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ പ്രതിഭയായിരുന്നു അദ്ദേഹം. അദ്ദേഹം തൊടാത്ത ഒരു മേഖലയും ഉണ്ടായിരുന്നില്ല എന്നുതന്നെ പറയാം; കഥാകൃത്ത്, നോവലിസ്റ്റ്, കവി, ബാലസാഹിത്യകാരൻ, ഗാനരചയിതാവ്, നാടകകൃത്ത്, സംവിധായകൻ, എഡിറ്റർ, പ്രസാധകൻ, പ്രാസംഗികൻ, കലാ പരിശീലകൻ, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ നിലകളിലെല്ലാം ഇടപെട്ടു.
മലയാള സാഹിത്യത്തിന് ടി കെ ഡിയുടെ നൂറോളം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി ലഭിച്ചിട്ടുണ്ട്. അവയിൽ പലതിനും വിപുലമായ വായനക്കാരുമുണ്ടായിട്ടുണ്ട്. ആദ്യം തുറമുഖ വകുപ്പ് ജീവനക്കാരനായിരുന്ന അദ്ദേഹം പിന്നീട് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥനായി. എന്നാൽ ഈ ജോലികൾക്കിടയിലും അദ്ദേഹത്തിൻ്റെ മനസ്സ് എപ്പോഴും സാഹിത്യത്തിൽ മുഴുകിയിരുന്നു. പതിനേഴാം വയസ്സിൽ എഴുതിത്തുടങ്ങിയ ടി.കെ.ഡി ആകാശവാണിയിലും ദൂരദർശനിലും നിരവധി നാടകങ്ങൾ ചെയ്തു.
അനവധി സാംസ്കാരിക സംഘടനകളുടെ പ്രവർത്തനങ്ങളെ സ്നേഹപൂർവ്വം പിന്തുണച്ച അദ്ദേഹം എടക്കാട് സാഹിത്യവേദി പോലുള്ള പുസ്തക ചർച്ചാ വേദികളുടെ മുഖ്യ സംഘാടകനായും പ്രവർത്തിച്ചു. കൂടാതെ, തലശ്ശേരി സാഹിത്യ കൂട്ടായ്മ, തലശ്ശേരി ഫിലിം സൊസൈറ്റി, കണ്ണൂർ സ്വർഗ വേദി, മുഴപ്പിലങ്ങാട് സാംസ്കാരിക വേദി തുടങ്ങിയ വേദികളിലൂടെ നിസ്വാർത്ഥ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടു.
വ്യക്തിപരമായി പറയട്ടെ, ബഹുമാനപ്പെട്ട ടി.കെ.ഡി.യെ പല വേദികളിലും കവിയരങ്ങുകളിലും സാഹിത്യസമ്മേളനങ്ങളുടെ ഉദ്ഘാടന ചടങ്ങുകളിലും കാണുമ്പോഴെല്ലാം അദ്ദേഹത്തിൻ്റെ മണിക്കൂറുകളോളം നീണ്ട പ്രസംഗങ്ങൾ കേൾക്കുകയും പിന്നീട് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്യുമ്പോഴെല്ലാം അദ്ദേഹം പലപ്പോഴും 'സാഹിത്യതീര'ത്തെ കുറിച്ച് സംസാരിക്കുമായിരുന്നു. ഒരിക്കൽ അദ്ദേഹം സാഹിത്യതീരം സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. എന്നിരുന്നാലും, അന്നത്തെ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാൽ അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല. മലബാറിലെ എഴുത്തുകാരിൽ പ്രമുഖനായ ഒരു എഴുത്തുകാരൻ മാത്രമല്ല അദ്ദേഹം; പല സ്റ്റേജുകളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ വ്യക്തിപരമായ അനുശോചനവും സാഹിത്യതീരം പോലുള്ള സാംസ്കാരിക സംഘടനകൾ അനുഭവിച്ച നഷ്ടത്തിൻ്റെ വേദനയും ഞാൻ പങ്കുവെക്കുന്നു. ഈ വേർപാടില്‍ അഗാധമായ ദു:ഖം അറിയിക്കുന്നു, അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.