ഓണത്തിന് പ്രത്യേക ബസ് സർവീസ് അനുവദിക്കണം
മാഹി: ഓണത്തോടനുബന്ധിച്ച് പുതുച്ചേരിയിൽനിന്ന് മാഹിയിലേക്കും മാഹിയിൽനിന്ന് പുതുച്ചേരിയിലേക്കും പ്രത്യേക ബസ് സർവീസ് അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം എ. ദിനേശൻ പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (പി.ആർ.ടി.സി.) അധികൃതരോട് ആവശ്യപ്പെട്ടു.
ആഗസ്റ്റ് 24ന് പുതുച്ചേരിയിൽനിന്ന് മാഹിയിലേക്കും ആഗസ്റ്റ് 26ന് മാഹിയിൽനിന്ന് പുതുച്ചേരിയിലേക്കും പ്രത്യേക സർവീസ് ഏർപ്പെടുത്തണമെന്നാണ് ആവശ്യം. നിലവിലുള്ള സർവീസുകളിൽ അനുഭവപ്പെടുന്ന തിരക്കും സീറ്റുകളുടെ അപര്യാപ്തതയും കണക്കിലെടുത്ത് അധിക സർവീസ് അനുവദിക്കേണ്ടത് അനിവാര്യമാണെന്ന് എ. ദിനേശൻ പറഞ്ഞു.
ഓണാഘോഷവുമായി ബന്ധപ്പെട്ട് കൂടുതൽ യാത്രക്കാർ ഇരു ഭാഗങ്ങളിലേക്കും യാത്ര ചെയ്യാൻ സാധ്യതയുള്ളതിനാൽ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.