സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട്: എട്ടിടത്ത് ഇഡി റെയ്ഡ്, റിയാസിന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന
തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം എട്ടു സ്ഥലങ്ങളില്‍ ഇഡി റെയ്ഡ്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ഡയറി കേന്ദ്രീകരിച്ചാണ് ഇഡി പരിശോധന നടത്തുന്നത്.
ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. വീണയുടെ ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎല്‍എയുടെ അടുത്ത സുഹൃത്തിന്റെ വീട്ടിലും ഇഡി പരിശോധന നടത്തുന്നുണ്ട്. സിപിഎം ജില്ലാ നേതാവ് നിഖിലിന്റെ ഫ്ലാറ്റിലും പരിശോധന നടത്തുന്നു. കേസുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് ഇഡി വ്യാപക പരിശോധന നടത്തുന്നത്.
മാസപ്പടി കേസില്‍ പ്രതികളാക്കപ്പെട്ടിട്ടുള്ളവര്‍ക്ക് ആദ്യ കുറ്റപത്രം കൊടുക്കുന്നതിന് മുന്നോടിയായാണ് അവസാനഘട്ട പരിശോധന നടത്തുന്നതെന്നാണ് വിവരം. എക്‌സാലോജികിന് പുറമെ, ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍ എന്ന പേരിലും വീണയുടെ പേരില്‍ കമ്പനിയുണ്ടെന്നാണ് ഇഡിക്ക് വിവരം ലഭിച്ചത്. വീണയുടെ വീട്ടില്‍ മെയ് 27 ന് നടത്തിയ റെയ്ഡില്‍ കമ്പനിയുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചതായാണ് വിവരം.
ഇതുമായി ബന്ധപ്പെട്ടു കൂടിയാണ് അന്വേഷണം. മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിതരണംചെയ്യുന്ന കമ്പനിയാണ് ലേക്കര്‍ ഇന്ത്യാ കോര്‍പ്പറേഷന്‍ എന്നാണ് വിവരം. വീണയുടെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടിലെ 1,37,088 രൂപ, എക്സാലോജിക്കിന്റെ 27,585 രൂപ എന്നിവയ്ക്കൊപ്പം ലേക്കര്‍ ഇന്ത്യയുടെ 15,57,414 രൂപയും ഇ ഡി മരവിപ്പിച്ചിട്ടുണ്ട്.