മാഹി സി.ഇ.ഭരതൻ ഗവ.സ്കൂൾ കൈമാറ്റം: സി.പി.എമ്മും എം.എൽ.എയും നിലപാട് വ്യക്തമാക്കണം: കോൺഗ്രസ്സ്

മാഹി: വർഷങ്ങൾ പഴക്കമുള്ളതും നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നതുമായ മാഹിയിലെ പ്രധാനപ്പെട്ട സ്കൂളായ സി.ഇ.ഭരതൻ ഗവ.ഹയർ സെക്കന്ററി സ്കൂൾ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിക്ക് കൈമാറിയ സംഭവത്തിൽ സി.പി.എമ്മും മാഹി എം.എൽ.എയും ജനങ്ങളോട് നിലപാട് വ്യക്തമാക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി സെന്ററിന് പുതിയ ക്യാമ്പസ് നിർമ്മിക്കുന്നതിനായി മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജിന്റെ കൈവശമുള്ള മൂന്ന് ഏക്കർ ഭൂമി ഇതിനകം തന്നെ സെന്ററിനായി അനുവദിച്ചിട്ടുണ്ട്. എന്നാൽ ആ ഭൂമിയിൽ പുതിയ ക്യാമ്പസ് നിർമ്മിക്കാതെ സി.ഇ.ഭരതൻ സ്‌കൂൾ യൂണിവേഴ്‌സിറ്റി സെന്ററിന് കൈമാറിയ നിലപാട് അംഗികരിക്കാനാവില്ലെന്ന് നേതാക്കൾ പറഞ്ഞു. നഴ്സിങ്ങ് കോളേജിനു വേണ്ടി താൽക്കാലികമായി മാഹി ഗവ.മിഡിൽ സ്കൂളിൽ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചപ്പോൾ, അതിനെതിരെ ശക്തമായ പ്രതിഷേധിക്കുകയും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതക്കിയുള്ള വികസനം മാഹിക്ക് ആവശ്യമില്ലെന്ന് വർഷങ്ങളായി പറഞ്ഞു നടക്കുകയും ചെയ്ത സി.പി.എമ്മിന്റെ മൗനം അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് കെ.മോഹനൻ, പി.പി.വിനോദ്, സത്യൻ കേളോത്ത്, കെ.ഹരീന്ദ്രൻ, കെ.കെ.ശ്രീജിത്ത്, വി.ടി.ഷംസുദ്ദീൻ എന്നിവർ അറിയിച്ചു.