പെരുമ്പാമ്പിനെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ കാട്ടുപൂച്ചയെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ പിടികൂടി
പള്ളൂർ: അറവിലകത്തു പാലം–പള്ളൂർ വയൽ പ്രദേശങ്ങളിൽ പെരുമ്പാമ്പിന്റെ ശല്യം രൂക്ഷമായതോടെ നാട്ടുകാർ ഭീതിയിൽ. ചൊവ്വാഴ്ച രാവിലെ അറവിലക്കത്തുപാലം മണ്ടോത്ത് മീത്തൽ പ്രദേശത്തുനിന്നാണ് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്. കാട്ടുപൂച്ചയെ വിഴുങ്ങിയ നിലയിലായിരുന്നു പാമ്പ്.
തണ്ണീർത്തടങ്ങളും കാടുകയറിയ പറമ്പുകളും ഏറെയുള്ള പ്രദേശമായതിനാൽ ഇരതേടിയാകാം പെരുമ്പാമ്പുകൾ ജനവാസ മേഖലയിലേക്ക് എത്തുന്നതെന്നാണ് നാട്ടുകാരുടെ സംശയം. വളർത്തുമൃഗങ്ങൾക്കും ഇവയുടെ സാന്നിധ്യം ഭീഷണിയാകുന്നുണ്ട്.
പെരുമ്പാമ്പിനെ കണ്ടാൽ സ്വയം പിടികൂടാൻ ശ്രമിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിഷമില്ലാത്ത പാമ്പാണെങ്കിലും ശക്തമായി കടിക്കാനും വരിഞ്ഞുമുറുക്കാനും ഇവയ്ക്ക് കഴിയും. വലിയ ഇരയെ വിഴുങ്ങിയിരിക്കുന്ന സമയത്ത് ചലനശേഷി കുറവായിരിക്കുമെങ്കിലും ഭീഷണി നേരിട്ടാൽ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ സമീപിക്കുന്നത് അപകടകരമാണ്.
പാമ്പിനെ കണ്ടാൽ വനപാലകരെയോ അംഗീകൃത പാമ്പുപിടിത്തക്കാരെയോ വിവരമറിയിക്കണം. വളർത്തുമൃഗങ്ങളെ രാത്രികാലങ്ങളിൽ സുരക്ഷിതമായ കൂടുകളിൽ സൂക്ഷിക്കണമെന്നും വീട്ടുപറമ്പുകളിലെ കാടുകൾ വെട്ടിത്തെളിച്ച് എലി ഉൾപ്പെടെയുള്ള ഇരജീവികളുടെ സാന്നിധ്യം കുറയ്ക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു
ഇതിന് മുമ്പും സമീപ പ്രദേശങ്ങളിൽ പെരുമ്പാമ്പിനെ കണ്ടതായി നാട്ടുകാർ പറയുന്നു. തുടർച്ചയായി പെരുമ്പാമ്പുകൾ ജനവാസ മേഖലയിലേക്ക് എത്തുന്നത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.