അംഗീകാരവും ആദരവും നൽകേണ്ടത് മരണാനന്തരമല്ല -വി.ആർ.സുധീഷ്

അംഗീകാരവും ആദരവും നൽകേണ്ടത് മരണാനന്തരമല്ല -വി.ആർ.സുധീഷ്

ന്യൂമാഹി സഹൃദയ സാംസ്കാരിക വേദിയുടെ ആദരവ് സി.വി.രാജൻ പെരിങ്ങാടിക്കും സോമൻ മാഹിക്കും വി.ആർ. സുധീഷ് സമർപ്പിക്കുന്നു. അഡ്വ.ടി.അശോക് കുമാർ എം.എൽ.എ സമീപം

ന്യൂമാഹി: 
അർഹതപ്പെട്ടവർക്കുള്ള അംഗീകാരവും ആദരവും അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ നൽകാൻ നമുക്ക് കഴിയണമെന്നും എന്നാൽ ഇക്കാലത്ത് അനർഹരായ ആളുകൾ കൊണ്ടാടപ്പെടുകയാണെന്നും വി.ആർ. സുധീഷ് പറഞ്ഞു.

നന്മമരം സംസ്ഥാന പരിസ്ഥിതി പുരസ്‌കാര ജേതാവ് സി.വി. രാജൻ പെരിങ്ങാടിക്കും ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാര ജേതാവ് സോമൻ മാഹിക്കും ആദരം അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു. ജീവിച്ചിരിക്കുമ്പോൾ വേണ്ട അംഗീകാരം നൽകാതെ
മരണാനന്തരം ആളുകളെ മഹാന്മാരാക്കാൻ ശ്രമിക്കുന്നതിൽ കാര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂമാഹി സഹൃദയ സാംസ്കാരിക വേദി നടത്തിയ പരിപാടിയിൽ
പ്രസിഡന്റ് പി.കെ.വി. സാലിഹ് അധ്യക്ഷത വഹിച്ചു.
ശ്രീനാരായണ കോളേജ് ഓഫ് ടീച്ചർ എഡുക്കേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഡ്വ. ടി. അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സമ്മാന വിതരണവും നിർവഹിച്ചു. ഡിജിറ്റൽ വായന മതിയെന്ന ധാരണ തെറ്റാണെന്നും
കുട്ടികളെ അച്ചടി വായനയോട് അടുപ്പിച്ച് നിർത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും രക്ഷിതാക്കളും അധ്യാപകരും ആ ദൗത്യം നിർവ്വഹിക്കണമെന്നും എം.എൽ.എ പറഞ്ഞു.
രക്ഷിതാക്കൾ അറിയാൻ എന്ന വിഷയത്തിൽ സ്കൂൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി നടന്ന സെമിനാറിൽ അധ്യാപക അവാർഡ് ജേതാവ് പ്രദീപ് കിനാത്തി പ്രഭാഷണം നടത്തി.
അച്ചടി വായനയെ പ്രോത്സാഹിപ്പിക്കാൻ എൽ.പി, യു.പി. വിഭാഗങ്ങളിലായി നടത്തിയ വായനാ മത്സരങ്ങളിലെ 200 ഓളം വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.
എൻ.വി. അജയകുമാർ ആദരഭാഷണം നടത്തി. മാഹി സി.ഇ.ഒ. ഇൻചാർജ് എം.എം. തനൂജ, പളളൂർ ആലി സ്കൂൾ മാനേജിങ്ങ് ഡയറക്ടർ പ്രദീപ് കൂവ, സി.വി. രാജൻ പെരിങ്ങാടി, എം.എ. കൃഷ്ണൻ, സോമൻ മാഹി, ഷാജി കൊള്ളുമ്മൽ, സി.കെ. രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു



ന്യൂമാഹി സഹൃദയ സാംസ്കാരിക വേദി നടത്തിയ ആദര സമർപ്പണത്തിൽ വി.ആർ.സുധീഷ് പ്രസംഗിക്കുന്നു