സ്വാതന്ത്ര്യത്തോടൊപ്പം ഉത്തരവാദിത്തവും ഏറ്റെടുക്കണം: അങ്കിത് കുമാർ ഐ.എ.എസ് സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിദ്യാർഥികൾ പ്രാപ്തരാകണം

സ്വാതന്ത്ര്യത്തോടൊപ്പം ഉത്തരവാദിത്തവും ഏറ്റെടുക്കണം: അങ്കിത് കുമാർ ഐ.എ.എസ് സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിദ്യാർഥികൾ പ്രാപ്തരാകണം

മാഹി: സ്വാതന്ത്ര്യം ലഭിക്കുന്നതിനൊപ്പം ഉത്തരവാദിത്തവും ഏറ്റെടുക്കാൻ വിദ്യാർഥികൾ പഠിക്കണമെന്ന് റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. പറഞ്ഞു. സ്വന്തം തീരുമാനങ്ങൾ എടുക്കാനും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും വിദ്യാർഥികൾ പ്രാപ്തരാകണം. പഠനത്തിൽ മാത്രമല്ല, ജീവിതത്തിലെ ഓരോ ഘട്ടത്തിലും തീരുമാനങ്ങളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്ന ശീലം വളർത്തണമെന്നും അദ്ദേഹം പറഞ്ഞു.
മാഹി കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമയം ഫലപ്രദമായി വിനിയോഗിക്കണം. പഠനരംഗത്ത് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾ ഇതിനകം മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഈ നേട്ടങ്ങൾ ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ അവരെ സഹായിക്കുമെന്നും മറ്റ് വിദ്യാർഥികൾക്ക് പ്രചോദനമാകട്ടെയെന്നും അങ്കിത് കുമാർ പറഞ്ഞു.
കേന്ദ്രീയ വിദ്യാലയത്തിൽനിന്നും രക്ഷിതാക്കളിൽനിന്നും വിദ്യാർഥികൾക്ക് ലഭിക്കുന്ന പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാഹി കേന്ദ്രീയ വിദ്യാലയ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി അഫ്സൽ സി.കെ. സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഡോ. ബി. സതീഷ് അധ്യക്ഷനായി. റീജിയണൽ അഡ്മിനിസ്ട്രേറ്ററും ചെയർമാനുമായ അങ്കിത് കുമാർ ഐ.എ.എസ്. കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ ഗിനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ദീപപ്രജ്വലനം നടത്തി ചടങ്ങിന് തുടക്കമായി.
മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ, ഡോ. കെ.കെ. ശിവദാസൻ, മുൻ പ്രസിഡന്റ് സുഷമ കെ., കേന്ദ്രീയ വിദ്യാലയ പി.ജി.ടി. (ഹിന്ദി) വിലാസിനി, പി.ജി.ടി. (കെമിസ്ട്രി) രജനി പി. എന്നിവർ സംസാരിച്ചു.
വിരമിച്ച ജീവനക്കാരായ വിലാസിനിയെയും സുരേന്ദ്രനെയും അങ്കിത് കുമാർ ഐ.എ.എസ്. ആദരിച്ചു. അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. വിദ്യാർഥികൾക്കുള്ള മോമെന്റോകൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു. ദേശീയഗാനത്തിനുശേഷം ജനറൽ ബോഡി യോഗവും നടന്നു.