നവോദയ വിദ്യാലയ സമിതി സ്ഥാപന ദിനം ആഘോഷിച്ചു!
മാഹി: ജവഹർ നവോദയ വിദ്യാലയ സമിതിയുടെ നാൽപതാം സ്ഥാപന ദിനം മാഹി നവോദയ വിദ്യാലയത്തിൽ ഹൃദ്യമായ പരിപാടികളോടെ സംഘടിപ്പിച്ചു.
നവോദയ വിദ്യാലയങ്ങളുടെ തുടക്കകാലത്തെ പ്രിൻസിപ്പാൾമാരിൽ ഒരാളും പ്രമുഖ ശിഷ്യാനായ ഉപരാഷ്ട്രപതിയുടെ സന്ദർശനം കാരണം കേരളമാകെ ശ്രദ്ധേയയുമായി മാറിയ അധ്യാപിക ചമ്പാട്ടെ രത്‌നാനായർ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
പന്ത്രണ്ടാം ക്ലാസ്സ് വിജയകരമായി പൂർത്തിയാക്കുന്നവർ യൂണിയൻ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ നടത്തുന്ന തൊഴിൽ സാധ്യതയുള്ള വിവിധ പരീക്ഷകളെ കുറിച്ചു മനസ്സിലാക്കണമെന്നും ഉയർന്ന പദവികൾ ലഭ്യമാകുന്ന വേറിട്ട തൊഴിൽ മേഖലകളിൽ ശോഭിക്കണമെന്നും അവർ കുട്ടികളെ ഓർമ്മിപ്പിച്ചു.
പ്രിൻസിപ്പാൾ എൻ. വി. ശ്രീലത അധ്യക്ഷത വഹിച്ചു.
മാഹി ജവഹർ നവോദയ വിദ്യാലയത്തിലെ പൂർവ്വാധ്യാപകരായ ഗിരീശൻ, സതീശൻ, എം.മുസ്തഫ എന്നിവർ അനുഭവങ്ങളും ഓർമ്മകളും പങ്കു വെച്ചു.
പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധികളായ ബിജു വൽസൻ , ശ്രീരാഗ് എന്നിവർ തങ്ങളുടെ വിദ്യാലയ ജീവിത സ്മരണകൾ സരസമായി അവതരിപ്പിച്ചു.
തുടർന്നു വിദ്യാർഥികളായ ഗൗതം നാരായണൻ, ശിവാനി രഞ്ജിത്ത്, സത്യം കുമാർ എന്നിവർ സ്ഥാപന ദിന പ്രസംഗങ്ങൾ നടത്തി.
സംഗീതാധ്യാപിക പൊന്നമ്മയുടെ നേതൃത്വത്തിൽ കുട്ടികളുടെ സംഘഗാനം സംഗീത ശില്പം, സംഘനൃത്തം എന്നിവ അരങ്ങേറി.
സമ്മേളനത്തിനു വൈസ് പ്രിൻസിപ്പാൾ സാബു ജോസ് സ്വാഗതവും മുതിർന്ന അധ്യാപകൻ ടി. ബാഹുലേയൻ നന്ദിയും പറഞ്ഞു.