*പ്രാദേശിക ചരിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ദേശീയ സെമിനാർ മാഹിയിൽ*
വടകര: കടത്തനാട് റിസർച്ച് സെന്റർ ആൻഡ് റഫറൻസ് ലൈബ്രറി ഏർപ്പെടുത്തിയ പ്രാദേശിക ചരിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്‌കാര നിർണയ സമിതിക്ക് ലഭിച്ച 33-ഓളം കൃതികളിൽ നിന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഡോ. സിജേഷ് കെ., ഡോ. പി.കെ. സഭിത്ത്, രാജാറാം തൈപ്പള്ളി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
പ്രാദേശിക ചരിത്ര വിഭാഗത്തിൽ കുരിക്കിലാട്ട് സുരേഷ്‌ബാബുവിന്റെ 'കല്ലായി ഗ്രാമത്തിന്റെ ചരിത്രം' എന്ന കൃതിയും ജീവചരിത്ര വിഭാഗത്തിൽ വി.കെ. ബിജുവിന്റെ 'മൂരാട് ഇരിങ്ങൽ നാരായണി' എന്ന കൃതിയും പുരസ്‌കാരത്തിന് അർഹമായി. 10,001 രൂപയും പ്രശസ്തിപത്രവും ശില്പവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.
ചരിത്ര പ്രതിഭ പുരസ്‌കാരം അശോകൻ ചേമഞ്ചേരിയുടെ 'പോർളാതിരി – കോഴിക്കോടിന്റെ ആദ്യ രാജാവ്', കെ.പി. വിജയന്റെ 'അടിവേരുകൾ – പനങ്ങാടിന്റെ ചരിത്രം', വി. ബാലന്റെ 'ഓർമകളുടെ ഗ്രന്ഥം', എം.എ. സത്താറിന്റെ 'പന്നൂരിന്റെ ചരിത്രം' എന്നീ കൃതികൾക്ക് ലഭിച്ചു.
കെ.പി. സുരേന്ദ്രൻ പുരസ്‌കാരത്തിന് വിജേഷ് പുത്തലത്തിന്റെ 'കരിമ്പാറകൾ വെള്ളിയാങ്കല്ലിനോട് പറഞ്ഞ കഥ' എന്ന കൃതി തിരഞ്ഞെടുക്കപ്പെട്ടു.
പുരസ്‌കാര സമർപ്പണവും പ്രാദേശിക ചരിത്ര–ദേശീയ സെമിനാറും മാഹി ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷൻ ഓഡിറ്റോറിയത്തിൽ ആഗസ്ത് 11 രാവിലെ 10 മണിക്ക് നടക്കും. മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്യും. വി.ടി. മുരളി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഗവ. കോളേജ് മടപ്പള്ളിയിലെ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സിജേഷ് കെ. മുഖ്യപ്രഭാഷണം നടത്തും.
കടത്തനാട് റിസർച്ച് സെന്ററും ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷന്റെ ഐ.ക്യു.എ.സി.യും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ സർവകലാശാലകളിൽ നിന്നുള്ള ഗവേഷകരും വിദ്യാർഥികളും പ്രാദേശിക ചരിത്രകാരന്മാരും സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമാപനമായി കലാമണ്ഡലം അഭിജോഷും സംഘവും അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് അരങ്ങേറും.
വാർത്താസമ്മേളനത്തിൽ കടത്തനാട് റിസർച്ച് സെന്റർ സെക്രട്ടറി ആനന്ദ് തിരുവോത്ത്, ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷൻ പ്രിൻസിപ്പൽ ഡോ. രമ്യ വി.ആർ., പുരസ്‌കാര നിർണയ സമിതി അംഗം രാജാറാം തൈപ്പള്ളി, ഐ.ക്യു.എ.സി. കോ-ഓർഡിനേറ്റർ ടി.വി. ശ്രീകുമാർ, സ്വാഗതസംഘം ചെയർമാൻ ആദിൽ കെ., കടത്തനാട് റിസർച്ച് സെന്റർ വൈസ് പ്രസിഡന്റ് ഡോ. പി.പി. ഷാജു എന്നിവർ പങ്കെടുത്തു.