തെരുവുനായകൾക്ക് തീറ്റ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് മാഹി ഭരണകൂടം. പൊതു സ്ഥലത്ത് ഭക്ഷണം നൽകിയാൽ നടപടി
മാഹി: തെരുവുനായകൾക്ക് ഭക്ഷണം നൽകാൻ മാഹി മേഖലയിൽ നിർദ്ദിഷ്ട തീറ്റ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് മാഹി ഭരണ കൂടം അധികൃതർ വ്യക്തമാക്കി. മാഹി ഗവ.ഹൗസിൽ മേഖലയിലെ വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം അറിയിച്ചത്.
മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. മാഹി നഗരസഭാ മാനേജർ എം.പ്രവീൺ കുമാർ പദ്ധതി വിശദീകരിച്ചു.പൊതു ജനങ്ങളുടെ പിന്തുണയോടു കൂടിയാണ് പരിപാടി നടപ്പാക്കുക. മാഹിയിലെ ആകെയുള്ള 10 വാർഡുകളിലായി വിവിധ ഇടങ്ങളിലാണ് നായകൾക്ക് തീറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കുക. . ഈ കേന്ദ്രങ്ങളിൽ മൃഗ സ്നേഹികൾക്ക് തെരുവു നായകൾക്ക് ഭക്ഷണം നൽകാം. മറ്റൊരിടത്ത് നൽകിയാൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
. സുപ്രീം കോടതി വിധി ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിൻ്റെ ഭാഗമായി അപകടകാരികളായ നായകളേയും, രോഗം ബാധിച്ചവയേയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും
മാഹി മേഖലയിലെ 207 തെരുവുനായകളെ എബിസി പദ്ധതിയിൽ വന്ധീകരിച്ചു. കണ്ണുർ ജില്ലയിലെ പാപ്പിനിശ്ശേരി മൃഗ സംരക്ഷണ വകുപ്പിൻ്റെ സഹകരണത്തോടെയാണ് നായകളെ വന്ധീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.ഒരു നായയെ വന്ധീകരിക്കാനുള്ള ചിലവ് 2100/- രൂപയുമാണ്
മാഹി നഗര സഭയുടെ അധീനതയിലുള്ള നവീകരിക്കാനുള്ള അവശേഷിക്കുന്ന റോഡുകൾ നവീകരിക്കുമെന്ന് മാഹി നഗര സഭയിലെ അസി.എഞ്ചിനീയർ മാണിക്ക സാമി യോഗത്തിൽ വിശദീകരിച്ചു. മുനിസിപ്പൽ പരിധിയിലെ തെരുവു വിളക്കുകൾ പ്രകാശിക്കുന്നില്ലെങ്കിൽ നഗരസഭയിൽ പരാധി നൽകണം.800/- രൂപ വില മതിക്കുന്ന 500 ലധികം തെരുവു വിളക്കുകൾ സ്ഥാപിച്ചതായി അധികൃതർ പറഞ്ഞു.മാഹി നഗര സഭ വർക്ക് ഇൻസ്പെക്ടർ രാജേഷ് ഡി സിൽവ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ മുൻ കൗൺസിലർ പള്ള്യൻ പ്രമോദ്, ടി.ഇബ്രാഹിം കുട്ടി, മാധവൻ, കെ.ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.