ഇന്നും മഴ കനക്കും; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്, പത്തനംതിട്ടയില്‍ അതീവ ജാഗ്രത, മൂഴിയാര്‍‌ ഡാം തുറക്കും

ഇന്നും മഴ കനക്കും; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്, പത്തനംതിട്ടയില്‍ അതീവ ജാഗ്രത, മൂഴിയാര്‍‌ ഡാം തുറക്കും

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ റിപ്പോർട്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് ആണ്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതല്‍ വടക്കൻ കേരള തീരം വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തില്‍ മഴ ശക്തമായത്. കാലാവസ്ഥ മോശമായതിനാല്‍ കേരളതീരത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിർദേശം ഉണ്ട്.

മഴ ശക്തമായി തുടരുന്നതിനാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരുകയാണ്. റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ അതീവ ജാഗ്രത വേണമെന്നാണ് അധികൃതരുടെ നിർദേശം. കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുകയാണ്. മൂഴിയാർ ഡാം ഉടൻ തുറക്കുമെന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മൂഴിയാർ ഡാമിൻറെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയത്ത് തുടർന്ന് ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലായ 190 മീറ്റർ എത്തിയിട്ടുണ്ട്. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റർ എത്തിയാല്‍ ഡാമിൻറെ ഷട്ടറുകള്‍ ഉയർത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടും. ഇതുമൂലം നദിയില്‍ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും നദിയിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടർ എ നിസാമുദ്ദീൻ അറിയിച്ചു.