*ഗ്രാമസഭ വിവാദം: ന്യൂ മാഹിയിൽ ബി.ജെ.പി പ്രതിഷേധ പ്രകടനവും പൊതുയോഗവും*
ന്യൂ മാഹി: ആറാം വാർഡ് ഗ്രാമസഭയിൽ നടന്ന സംഭവങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കല്ലായിയിൽ നിന്ന് ആരംഭിച്ച പ്രകടനം മാഹി പാലം വഴി പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു.
ഗ്രാമസഭയിൽ ഉയർന്ന ജനങ്ങളുടെ ചോദ്യങ്ങളെയും വിമർശനങ്ങളെയും ജനാധിപത്യപരമായി നേരിടുന്നതിന് പകരം പഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ധാർഷ്ട്യപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. വാർഡ് മെമ്പർ പി.കെ. സുനിതയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകാൻ ഭരണപക്ഷം തയ്യാറായില്ലെന്നും അവർ പറഞ്ഞു.
ഗ്രാമസഭയിലെ ജനങ്ങളുടെ പ്രതിഷേധത്തെ രാഷ്ട്രീയ വിരോധമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും, ജനപ്രതിനിധികൾ ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും വിമർശനങ്ങളെ ഉൾക്കൊള്ളുകയും ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഗ്രാമസഭയിൽ ഭൂരിഭാഗം ആളുകളും പിരിഞ്ഞുപോയ സാഹചര്യത്തിൽ അജണ്ട പൂർത്തിയാക്കിയെന്ന പ്രസിഡന്റ്‌യുടെ വാദം വ്യക്തമാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
ജനാധിപത്യ വേദിയായ ഗ്രാമസഭയിൽ ജനങ്ങളുടെ ശബ്ദം അടിച്ചമർത്താനുള്ള ഏത് ശ്രമത്തെയും ശക്തമായി ചെറുക്കുമെന്നും, ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ ജനകീയ പ്രക്ഷോഭം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പൊതുയോഗത്തിൽ ശശി കൊളപ്പുറത്ത് സ്വാഗതം പറഞ്ഞു. പ്രജീഷ് മഠത്തിൽ അധ്യക്ഷത വഹിച്ചു. തലശ്ശേരി മണ്ഡലം ബി.ജെ.പി സെക്രട്ടറി അനീഷ് കൊള്ളുമ്മൽ വിഷയാവതരണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. അനീഷ് കൊളവട്ടത്ത് നന്ദി പറഞ്ഞു. രമേശ് തോട്ടൻറെവിടെ, കോട്ടക്കുന്നി ബാബു, ലീന പ്രദീപ്, സുജിൽ ചേലോട്ട്, പ്രവീൺ കണ്ടോത്ത് എന്നിവർ നേതൃത്വം നൽകി.