ന്യൂമാഹി ടൌൺ: പോലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കണം
ന്യൂമാഹി ടൌണിൽ പ്രവർത്തിച്ചിരുന്ന ന്യൂമാഹി പോലീസ് എയ്ഡ് പോസ്റ്റ് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അഭ്യന്തരമന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും നിവേദനം നൽകി. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി എയിഡ് പോസ്റ്റ് അടഞ്ഞു കിടക്കുകയാണ്. ഇത് പ്രദേശവാസികളിലും യാത്രക്കാരിലും കടുത്ത സുരക്ഷാ ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്.
കേന്ദ്ര ഭരണ പ്രദേശമായ മാഹിയോട് ചേർന്ന് കിടക്കുന്ന ന്യൂമാഹി ടൗൺ കണ്ണൂർ ജില്ലാ അതിർത്തി പ്രദേശമാണ്. ഏറെ തിരക്കേറിയ ദേശീയ പാതയിലെ പ്രധാന കവലയിലുടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്നുണ്ട്. 30 ലേറെ മദ്യശാലകളുള്ള മാഹിയിൽ നിന്നെത്തുന്ന മദ്യപരുടെ ശല്യവും വാഹനങ്ങളുടെ ഗതാഗത കുരുക്കും സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രികർക്ക് നിത്യേന ദുരിതമാണ് സമ്മാനിക്കുന്നത്. മാഹി പാലം പോലിസ് എയ്ഡ് പോസ്റ്റിന്റെ അഭാവം കാരണം സാമൂഹിക വിരുദ്ധരുടെ ശല്യം വർദ്ധിക്കുകയും പൊതുസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണി ഉയർത്തിയിരിക്കയാണ്. രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം, നിയമലംഘനങ്ങൾ, അനിഷ്ട
സംഭവങ്ങൾ എന്നിവ വർദ്ധിച്ചുവരികയാണ്.
കിലോമിറ്ററുകൾക്കപ്പുറം പാറാലിൽ സ്ഥിതി ചെയ്യുന്ന ന്യൂമാഹി പോലീസ് സ്റ്റേഷനിൽ നിന്നും സംഭവസ്ഥലത്തേക്ക് പോലീസ് എത്താൻ സമയതാമസം നേരിടുന്നത് പലപ്പോഴും നിയമ സമാധാന പരിപാലനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആയതിനാൽ ഒരു അസിസ്റ്റൻ്റ് സബ് ഇൻസ്പെക്‌ടറുടെയും നാലോ അഞ്ചോ പോലീസ് ഉദ്യോഗസ്ഥരുടെയും സേവനത്തോടെ മാഹി പോലീസ് എയ്ഡ് പോസ്റ്റ് അടിയന്തരമായി പുനഃസ്ഥാപിച്ച് 24 മണിക്കുറും പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ പോലീസ് സുപ്രണ്ട്, തലശ്ശേരി എ.സി.പി, ന്യൂ മാഹി സ്റ്റേഷൻ ഓഫീസർ എന്നിവർക്കും ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ് ജന. സിക്രട്ടറി ഷാനു പുന്നോൽ നിവേദനം നൽകി.