രാഹുൽ ഗാന്ധിയുടെ അറസ്റ്റിലും വിദ്യാർത്ഥി വേട്ടയിലും പ്രതിഷേധിച്ച് മാഹിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

രാഹുൽ ഗാന്ധിയുടെ അറസ്റ്റിലും വിദ്യാർത്ഥി വേട്ടയിലും പ്രതിഷേധിച്ച് മാഹിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മാഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരം ചെയ്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റു നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മാഹിയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു.

മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി പള്ളി മൈതാനത്ത് നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിലും, പ്രിയങ്ക ഗാന്ധി, വിവിധ പാർലമെന്റ് അംഗങ്ങൾ, സംസ്ഥാന മന്ത്രിമാർ എന്നിവർക്കെതിരെ ഉണ്ടായ കയ്യേറ്റത്തിലും അറസ്റ്റിലും പ്രതിഷേധിച്ചാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങൾക്കും പോലീസ് രാജിനുമെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധ പ്രകടനം.

തുടർന്ന് നടന്ന പ്രതിഷേധ സംഗമം മാഹി ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പി. വിനോദൻ ഉദ്ഘാടനം ചെയ്തു. മാഹി മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ പി .രജിലേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

ജനാധിപത്യ അവകാശങ്ങൾക്കായി ശബ്ദിക്കുന്നവരെ അടിച്ചമർത്താനും വേട്ടയാടാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും, ഈ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പോരാട്ടം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.

പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജേഷ് എം.കെ., മാഹി മേഖലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്‌ മുഹമ്മദ് സർഫാസ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്യാംജിത്ത് പാറക്കൽ, സെക്രട്ടറി അജയൻ പുഴിയിൽ, മുഹമ്മദ് മുബാഷ്, അൻസിൽ അരവിന്ദ്, കെ. രവീന്ദ്രൻ, ജിജേഷ് കുമാർ ചാമേരി, സന്ദീപ് കെ.വി., ശ്രീജേഷ് വളവിൽ, ഷെജിൻ, നിഖിൽ രവീന്ദ്രൻ എന്നിവർ പ്രതിഷേധ സംഗമത്തിൽ സംസാരിച്ചു.

പ്രതിഷേധ പരിപാടികൾക്ക് ആന്റണി ലിജോയ്, ജിജേ വളവിൽ, റോയ് നെവെസ്, ബാബു എ.പി., പ്രദീപൻ വള്ളിൽ എന്നിവർ നേതൃത്വം നൽകി.