ടോൾ നൽകി യാത്ര; സർവീസ് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം മേൽപ്പാല നിർമാണത്തിനിടെ ബദൽ ക്രമീകരണം അപര്യാപ്തമെന്ന് പരാതി
മാഹി: മാഹി–മുഴപ്പിലങ്ങാട് ദേശീയപാതയിൽ പുരോഗമിക്കുന്ന മേൽപ്പാല നിർമാണത്തിന്റെ ഭാഗമായി നിലവിൽ വാഹനഗതാഗതം സർവീസ് റോഡിലൂടെയാണ് തിരിച്ചുവിട്ടിരിക്കുന്നത്. എന്നാൽ ഭാരവാഹനങ്ങൾ ചരിവുള്ള സർവീസ് റോഡിലൂടെ കയറുന്നതിനിടെ ദിവസവും രൂക്ഷമായ ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്. ഇതുമൂലം നൂറുകണക്കിന് വാഹനങ്ങളാണ് മണിക്കൂറുകളോളം ബ്ലോക്കിൽ കുടുങ്ങുന്നത്.
ടോൾ ഫീസ് നൽകി ദേശീയപാത ഉപയോഗിക്കുന്ന യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുപകരം നീണ്ട കാത്തിരിപ്പും ദുരിതയാത്രയുമാണ് ലഭിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. പ്രത്യേകിച്ച് മഴക്കാലത്ത് സ്ഥിതി കൂടുതൽ ദുഷ്കരമാകുന്നതായും യാത്രക്കാർ പറയുന്നു.
ഇതിനിടെ നെല്ലിയാട്ട് ക്ഷേത്രത്തിന് സമീപം ദേശീയപാതയിലേക്ക് വാഹനങ്ങൾക്ക് കയറാനുള്ള സൗകര്യമുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നാണ് നാട്ടുകാരുടെ ചോദ്യം. ആ പ്രവേശനം താൽക്കാലികമായി തുറന്നുനൽകിയാൽ സർവീസ് റോഡിലെ ഗതാഗതഭാരം ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് അവരുടെ അഭിപ്രായം.
മേൽപ്പാല നിർമാണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഭാരവാഹനങ്ങളുടെ ഗതാഗതം സമയബന്ധിതമായി ക്രമീകരിക്കുകയോ ഫലപ്രദമായ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യാത്തതും പ്രശ്നം രൂക്ഷമാക്കുന്നതായി ആരോപണമുണ്ട്. ടോൾ ഈടാക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സമയവും സുരക്ഷയും ഉറപ്പാക്കാൻ ദേശീയപാത അതോറിറ്റിയും ബന്ധപ്പെട്ട ഏജൻസികളും അടിയന്തരമായി ഇടപെട്ട് ഗതാഗത ക്രമീകരണങ്ങൾ മെച്ചപ്പെടുത്തണമെന്നും നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.
ഇന്നത്തെ കാഴ്ച: ഒരു ലോറി മതി... കിലോമീറ്ററുകൾ നീളുന്ന ബ്ലോക്കിന്