ബഹിരാകാശത്തേക്ക് ഒറ്റ 'പ്പാലം'; അനിൽ മേനോന്റെ യാത്ര ഇന്ന്

ബഹിരാകാശത്തേക്ക് ഒറ്റ 'പ്പാലം'; അനിൽ മേനോന്റെ യാത്ര ഇന്ന്

ന്യൂയോർക്ക്: ബഹിരാകാശത്ത് ഒരു മലയാളിയുടെ കാൽപാദം പതിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാസ ആസ്ട്രനോട്ട് അനില്‍ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന്. ഇന്ത്യൻ സമയം രാത്രി 8.17നു ആണ് അനില്‍ മേനോനും സംഘവും യാത്ര തിരിക്കുക. എക്‌സ്‌പെഡിഷന്‍ 75ന്റെ ഭാഗമായാണ് അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചരിക്കുന്നത്.ശാസ്ത്രീയ പരീക്ഷണങ്ങൾ, സാങ്കേതിക ഗവേഷണങ്ങൾ അടക്കമുള്ള വിവിധ പഠനങ്ങൾ നടത്തുകയാണ് ദൗത്യത്തിലെ പ്രധാന ലക്ഷ്യം. റഷ്യയുടെ സോയൂസ്-2.1എ (Soyuz-2.1a) റോക്കറ്റിൽ വിക്ഷേപിക്കുന്ന സോയൂസ് എംഎസ്-29 (Soyuz MS-29) ബഹിരാകാശ പേടകത്തിലൂടെയാണ് അനിലും സംഘവും യാത്ര തിരിക്കുന്നത്. കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപണം.49-കാരനായ മേനോന്‍, റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടര്‍ ദുബ്രോവ്, അന്ന കികിന എന്നിവര്‍ക്കൊപ്പം കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-29 എന്ന പേടകത്തിലാണ് യാത്ര തിരിക്കുന്നത്. ഈ ദൗത്യം ഏകദേശം എട്ട് മാസമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.49-കാരനായ മേനോന് ഒപ്പം റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടര്‍ ദുബ്രോവ്, അന്ന കികിന എന്നിവരും യാത്ര ചെയ്യുന്നുണ്ട്. ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ മേനോന്‍ ആണ് ഡോ. അനില്‍ മേനോന്‍റെ പിതാവ്. അമ്മ യുക്രെനില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ എലിസബത്ത്. ഡോ. അനില്‍ മേനോന്‍ യുഎസ് എയര്‍ഫോഴ്‌സിലെ സേവനത്തിനിടയില്‍ 'ഓപ്പറേഷന്‍ എന്‍ഡ്യൂറിംഗ് ഫ്രീഡം' എന്ന ദൗത്യത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹിമാലയന്‍ റെസ്‌ക്യൂ അസോസിയേഷനൊപ്പം ചേര്‍ന്ന് എവറസ്റ്റ് കൊടുമുടി കയറുന്നവര്‍ക്ക് വൈദ്യസഹായം നല്‍കുന്ന ടീമിന്റെ ഭാഗമായിരുന്നു. റോട്ടറി അംബാസഡറിയല്‍ സ്‌കോളര്‍ എന്ന നിലയില്‍ ഒരു വര്‍ഷം ഇന്ത്യയില്‍ ചെലവഴിച്ച അദ്ദേഹം പോളിയോ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

2014-ല്‍ ഫ്‌ലൈറ്റ് സര്‍ജനായി നാസയില്‍ ചേര്‍ന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ സഞ്ചാരികള്‍ക്ക് മെഡിക്കല്‍ പിന്തുണ നല്‍കി. 2018ല്‍ അദ്ദേഹം സ്‌പേസ് എക്‌സില്‍ ചേര്‍ന്നു. സ്‌പേസ് എക്‌സിന്റെ ആദ്യ ഫ്‌ളൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. 2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെടുന്നത്. നാസയുടെ രണ്ട് വര്‍ഷത്തെ ബഹിരാകാശ പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ആദ്യ ബഹിരാകാശ യാത്രയ്ക്ക് നിയോഗിക്കുന്നത്.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസത്തിനിടയില്‍, ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കാന്‍ മേനോന്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നു. മൈക്രോ ഗ്രാവിറ്റിയില്‍ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പഠനം. ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഐവി ഫ്‌ലൂയിഡുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കലാണ് അടുത്ത പരീക്ഷണം.ദീര്‍ഘദൂര ബഹിരാകാശ ദൗത്യങ്ങളില്‍ ഈ സാങ്കേതികവിദ്യ വളരെ നിര്‍ണായകമായി മാറിയേക്കാം. ഒപ്പം, ഓഗ്മെന്റഡ് റിയാലിറ്റിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ചുള്ള അള്‍ട്രാസൗണ്ട് പരിശോധനകളും മേനോന്‍ നടത്തും. ഭാവിയിലെ ദീര്‍ഘകാല ദൗത്യങ്ങളില്‍ ഭൂമിയില്‍ നിന്നുള്ള മെഡിക്കല്‍ സഹായത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.