കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും ആശ്വാസം; പൊലീസ് നടപടി വിലക്കി മധ്യപ്രദേശ് ഹൈക്കോടതി
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും മധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. ദമ്പതികള്‍ക്ക് എതിരായ പോലീസ് നടപടി മധ്യപ്രദേശ് ഹൈക്കോടതി വിലക്കി. രണ്ടാഴ്ചത്തേക്ക് കടുത്ത നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിയും യുവാവും നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഹര്‍ജിയില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജി ഇനി ഈ മാസം അവസാനമായിരിക്കും കോടതി പരിഗണിക്കുക.
പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കേരള ഹൈക്കോടതി തള്ളിയിരുന്നു. പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണവും ഹൈക്കോടതി നീക്കിയിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും മേല്‍വിലാസത്തിലോ നമ്പരിലോ ബന്ധപ്പെടാനാകുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. പെണ്‍കുട്ടി ആവശ്യപ്പെട്ടാല്‍ മാത്രം സംരക്ഷണം നല്‍കാന്‍ പൊലീസിനോട് കേരള ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു
പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മധ്യപ്രദേശിലെ കീഴ്‌കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ ഇവര്‍ കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടെ നിന്നും തിരിച്ചടി നേരിടുകയായിരുന്നു. അറസ്റ്റിനുള്ള വിലക്ക് നീട്ടാനാകില്ലെന്നും ഇത് അധികാര പരിധിക്ക് പുറത്തുള്ള വിഷയമെന്നുമാണ് കോടതി പറഞ്ഞിരുന്നത്.