അവറോത്ത് ഗവ.മിഡിൽ സ്കൂളിലെ അധ്യാപക ക്ഷാമത്തിന് ഉടൻ പരിഹാരം കാണണം: സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി
മാഹി: ഈസ്റ്റ് പള്ളൂർ അവറോത്ത് ഗവ. മിഡിൽ സ്കൂളിൽ നിലവിലുള്ള അധ്യാപക ക്ഷാമത്തിന് അടിയിന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവറോത്ത് ഗവ. മിഡിൽ സ്ക്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ, അഡ്വ.ടി.അശോക് കുമാർ എ.എൽ.എ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്, വിദ്യാഭ്യാസ മേലധ്യക്ഷ എം.എം.തനൂജ എന്നിവരെ നേരിൽ കണ്ട് നിവേദനം നൽകി. ഗണിതം, സയൻസ്, സോഷ്യൽ, മലയാളം എന്നീ വിഷയങ്ങളിൽ മുഴുവൻ ദിവസ അദ്ധ്യാപകരെയും അറബിക്ക് ഭാഷാദ്ധ്യാപകനെയും നിയമിക്കണം. 6,7 ക്ലാസുകളിൽ ക്ലാസ് ടീച്ചർമാരെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം. സി.ബി.എസ്.ഇ സിലബസ്സ് കൂടിയായതോടെ പ്രധാന വിഷയങ്ങൾ സ്ഥിരമായി അദ്ധ്യാപകർ ഇല്ലാത്തത് കുട്ടികളുടെ പഠനത്തെ സാരമായി ബാധിച്ചിരിക്കയാണ്. ആയതിനാൽ ഉടൻ തന്നെ അധ്യാപക ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്കൂൾ പ്രെട്ടക്ഷൻ കമ്മിറ്റി ചെയർമാൻ കെ.വി.ഹരീന്ദ്രൻ, വി.എം.രാജേഷ്, റഷീദ്.പി.ടി.കെ, പത്മനാഭൻ പത്മാലയം, ഷിബു.കെ, നിജീഷ സനോഷ്, വൃന്ദ, അൻസിയ, ഷാനിത തുടങ്ങിയവർ ചേർന്നാണ് നിവേദനം നൽകിയത്.