സുരേഷ് ഗോപി നൽകിയ ലാപ്ടോപ് ദീപക് സുരേഷിന് കൈമാറി
തലശ്ശേരി: പഠനം തുടരുന്നതിനായി ലാപ്ടോപ് വേണമെന്ന വിദ്യാർഥി ദീപക് സുരേഷിന്റെ ആഗ്രഹം കേന്ദ്ര സഹമന്ത്രി കൂടിയായ തൃശൂർ എം.പി. സുരേഷ് ഗോപി സഫലമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലശ്ശേരി നിയോജക മണ്ഡലത്തിലെ പാറാലിൽ ദീപകിന്റെ വീട് സന്ദർശിച്ചപ്പോൾ, ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് പഠനം തുടരാൻ ആഗ്രഹിക്കുന്ന ദീപക് ലാപ്ടോപ് വേണമെന്ന ആവശ്യം അറിയിച്ചിരുന്നു. സുരേഷ് ഗോപിയെ നേരിൽ കാണണമെന്ന അദ്ദേഹത്തിന്റെ മറ്റൊരു ആഗ്രഹവും അന്ന് സഫലമായിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി നേതാക്കളായ ഒ. നിധീഷ്, മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ്, ലസിത പാലക്കൽ എന്നിവർ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ലാപ്ടോപ് അനുവദിച്ചു. ബി.ജെ.പി മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ്, സംസ്ഥാന കമ്മിറ്റി അംഗം ഒ. നിധീഷ്, കെ. എസ്. രാധാകൃഷ്ണൻ, ലസിത പാലക്കൽ, എന്നിവരുടെ സാന്നിധ്യത്തിൽ ദീപക് സുരേഷ് ലാപ്ടോപ് ഏറ്റുവാങ്ങി.
തുടർപഠനത്തിന് ലഭിച്ച സഹായത്തിന് ദീപകും കുടുംബവും സുരേഷ് ഗോപിയോടും സഹായത്തിനായി ഇടപെട്ട ബി.ജെ.പി നേതാക്കളോടും നന്ദി അറിയിച്ചു.