അരയാക്കൂലില്‍ തെരുവുനായകള്‍ നൂറോളം കോഴികളെ കൊന്നൊടുക്കി
പാനൂർ: ചമ്പാട് അരയാക്കൂല്‍ പ്രദേശത്ത് തെരുവുനായ ശല്യം വീണ്ടും രൂക്ഷമായതോടെ കർഷകർ ആശങ്കയില്‍. അരയാക്കൂലിലെ പച്ചോള്‍ സതീശന്റെ കോഴിവളർത്തല്‍ കേന്ദ്രത്തില്‍ പുലർച്ചെ തെരുവുനായകള്‍ 100ഓളം നാടൻ കോഴികളെ കൊന്നൊടുക്കി.
ഏകദേശം അരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സതീശൻ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തെരുവുനായകള്‍ കോഴിക്കൂട് തകർത്ത് അകത്ത് കടന്നത്.
രാവിലെ കോഴിക്കൂട് പരിശോധിക്കാനെത്തിയപ്പോഴാണ് ചത്തുകിടക്കുന്ന കോഴികളെ കണ്ടത്. നിരവധി കോഴികളുടെ ശരീരഭാഗങ്ങള്‍ ചിതറിക്കിടന്ന നിലയിലായിരുന്നു. സതീശന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ് നാടൻ കോഴി വളർത്തല്‍. പ്രതിദിനം ഏകദേശം 70 മുട്ടകള്‍ ലഭിച്ചിരുന്നതായും, ആക്രമണത്തെ തുടർന്ന് വരും ദിവസങ്ങളിലെ വരുമാനം പൂർണമായും നിലച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ മികച്ച ജൈവകർഷകൻ കൂടിയാണ് സതീശൻ. സംഭവമറിഞ്ഞ് വെറ്ററിനറി ഡോക്ടർ ദിവ്യ സ്ഥലത്തെത്തി പരിശോധന നടത്തി. നഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയും, തുടർനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റിപ്പോർട്ട് നല്‍കുമെന്നും അവർ അറിയിച്ചു. പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. സ്‌നോയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പി.ലീല, നസീർ ഇടവലത്ത്, അംഗങ്ങളായ ടി.പി ഉമ്മർ, പി.എം ലീന എന്നിവർ സന്ദർശിച്ചു.