സിഎംആർഎൽ-എക്സാലോജിക് കേസ്: അന്വേഷണം പിഎ മുഹമ്മദ് റിയാസിലേക്കും
കൊച്ചി: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം മുൻമന്ത്രിയും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഭർത്താവുമായ പി.എ. മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് കരിമണൽ ഖനന കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് ലഭിച്ച കോടിക്കണക്കിന് രൂപ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചുള്ള വിപുലമായ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡിയുടെ പുതിയ നീക്കം. ഇതിന്റെ ഭാഗമായി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിൽ കഴിഞ്ഞദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു ചെയ്യാത്ത സേവനത്തിന്റെ പേരിൽ സിഎംആർഎല്ലിൽ നിന്ന് വീണയ്ക്ക് 2.78 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൃത്യമായ സാമ്പത്തിക രേഖകൾ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. കേസിൽ ഇതിനകം രണ്ടുതവണ വീണയെ ഇഡി ചോദ്യം ചെയ്തെങ്കിലും അവർ നൽകിയ മൊഴികളിൽ ഗുരുതരമായ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ വാദം. ലഭിച്ച പണം എന്ത് ചെയ്തു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം ഭർത്താവ് മുഹമ്മദ് റിയാസിലേക്കും കുടുംബാംഗങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഇ.ഡി തീരുമാനിച്ചത്. കൂടുതൽ വ്യക്തത വരുത്തുന്നതിനായി മൂന്നാംവട്ട ചോദ്യം ചെയ്യലിന് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ വീണയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
വിവാഹശേഷമുള്ള അക്കൗണ്ട് ഇടപാടുകൾ നിരീക്ഷണത്തിൽ; അഴിമതി നിരോധന നിയമവും പരിഗണനയിൽ
2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് വീണയ്ക്ക് സിഎംആർഎല്ലിൽ നിന്ന് പണം ലഭിച്ചത്. തുടർന്ന് 2020 ജൂണിലായിരുന്നു മുഹമ്മദ് റിയാസുമായുള്ള വീണയുടെ വിവാഹം. വിവാഹശേഷമുള്ള കാലയളവിൽ ഈ പണം ഏതൊക്കെ തരത്തിൽ വിനിയോഗിക്കപ്പെട്ടു എന്നതിലാണ് ഇ.ഡിക്ക് സംശയമുള്ളത്. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച പണം മുഹമ്മദ് റിയാസിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നറിയാൻ ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള പണമിടപാടുകൾ ഇ.ഡി വിശദമായി പരിശോധിക്കും. ഇതിനായി റിയാസിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ചാകും അടുത്ത ഘട്ട അന്വേഷണം.