മാഹിയിലെ വിദ്യാഭ്യാസ-വികസന ആവശ്യങ്ങൾ ഉന്നയിച്ച് എബിവിപി നിവേദനം ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥനെ കണ്ട് പ്രതിനിധി സംഘം

മാഹി: മാഹിയിലെ വിദ്യാഭ്യാസ, കായിക, വികസന മേഖലകളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) പ്രതിനിധി സംഘം പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥന് നിവേദനം നൽകി.
പുതുച്ചേരി സർവകലാശാലയ്ക്ക് കീഴിലുള്ള ആർട്സ് കോളേജുകളിലെ കാലഹരണപ്പെട്ട പാഠ്യപദ്ധതി പരിഷ്കരിച്ച് തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായ പുതിയ കോഴ്സുകൾ ഉൾപ്പെടുത്തുക, പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ മാഹി സെന്ററിനായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ പ്രവർത്തനം എത്രയും വേഗം ആരംഭിക്കുക, മാഹിയിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) സ്പോർട്സ് കോളേജ് അനുവദിക്കുക, പുതുച്ചേരി സംസ്ഥാനത്ത് ഫ്രഞ്ച് ബി.എഡ് (B.Ed.) കോഴ്സ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്.
വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരവും തൊഴിൽ സാധ്യതകളും മെച്ചപ്പെടുത്തുന്നതിനും മാഹിയിലെ വിദ്യാഭ്യാസ-കായിക മേഖലയിലെ സമഗ്ര വികസനത്തിനും ഈ ആവശ്യങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് പ്രതിനിധി സംഘം ലെഫ്റ്റനന്റ് ഗവർണറോട് അഭ്യർഥിച്ചു.
എബിവിപി കണ്ണൂർ ജില്ലാ സെക്രട്ടറി ഹൃദീക് കൃഷ്ണ, എബിവിപി സംസ്ഥാന സമിതി അംഗങ്ങളായ എസ്. എസ്. സുരാഗ് കൃഷ്ണ, അഭിനന്ദ് എം. പി. എന്നിവരാണ് ലെഫ്റ്റനന്റ് ഗവർണർക്ക് നിവേദനം സമർപ്പിച്ചത്.