മമ്മൂട്ടി രാജ്യത്തിന്റെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി.
ന്യൂഡൽഹി: മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി രാജ്യത്തിന്റെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന രണ്ടാമത് പത്മ പുരസ്‌കാര സമർപ്പണ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് അദ്ദേഹം പുരസ്കാരം സ്വീകരിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയ്ക്ക്, പ്രത്യേകിച്ച് മലയാള ചലച്ചിത്ര മേഖലയ്ക്ക് നൽകിയ വിലമതിക്കാനാകാത്ത സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ ഈ പരമോന്നത ബഹുമതി നൽകി രാജ്യം ആദരിച്ചത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖർ ങ്കെടുത്തു. മമ്മൂട്ടിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ സുൽഫത്ത്, മകനും നടനുമായ ദുൽഖർ സൽമാൻ, മകൾ സുറുമി എന്നിവരും ഈ അഭിമാന നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ രാഷ്ട്രപതി ഭവനിൽ എത്തിയിരുന്നു. നേരത്തെ 1998-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള മമ്മൂട്ടിയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവലായി മാറിയിരിക്കുകയാണ് ഈ പത്മഭൂഷൺ പുരസ്‌കാരം. ചലച്ചിത്ര മേഖലയിലെ സംഭാവനകൾക്ക് പുറമെ നിരവധി സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ പങ്കാളിയാണ്.