മാഹി മണ്ഡലം മുസ്ലിം ലീഗിന്റെ അക്കാദമിക് അവാർഡ് ദാനം മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു
മാഹി: വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികളെ ആദരിച്ചുകൊണ്ട് മാഹി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച 'അക്കാദമിക് അവാർഡും ഹരിത മുന്നേറ്റത്തിന്റെ വാർഡ് തല ഉദ്ഘാടനവും' ശ്രദ്ധേയമായി. സി.ബി.എസ്.ഇ. യുടെ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനൊപ്പം ലക്ഷ്യബോധമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം നിർവഹിച്ചു.
ദേശീയ-സംസ്ഥാന നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം മാഹി മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന ആദ്യ പൊതുപരിപാടിയാണിത്. ചടങ്ങിൽ പങ്കെടുത്ത ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരിയെ പോണ്ടിച്ചേരി സംസ്ഥാന മുസ്ലിം ലീഗ് മുൻ പ്രസിഡണ്ട് ഇബ്രാഹിംകുട്ടി ചൊക്ലി പൊന്നാട അണിയിച്ച് സ്വീകരിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന മോട്ടിവേഷൻ സെഷൻ വിദ്യാർത്ഥികൾക്ക് വലിയ ആവേശമായി. യുവ മോട്ടിവേറ്ററും ബിരുദാനന്തര ബിരുദധാരിയുമായ സി.ഒ. മുഹമ്മദ് ഷാഹിദ് ജീവിതാനുഭവങ്ങളും വിജയമന്ത്രങ്ങളും പങ്കുവെച്ചു.
മണ്ഡലം ലീഗ് പ്രസിഡന്റ് കെ.കെ. ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മുഹമ്മദ് ഇഫ്തിയാസ് സ്വാഗതവും ഖജാൻജി സി.എ. അബൂബക്കർ നന്ദിയും രേഖപ്പെടുത്തി.
അഡ്വ. കെ.എ. ലത്തീഫ് (ജില്ലാ ലീഗ് വൈസ് പ്രസിഡന്റ്), സി.വി.എം. വാണിമേൽ (ഗ്ലോബൽ കെഎംസിസി നേതാവ്/പത്രപ്രവർത്തകൻ), ശ്രീ. രമേശ് പറമ്പത്ത് (മാഹി മുൻ എംഎൽഎ), തഫ്ലിം മാണിയാട്ട് (കണ്ണൂർ ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്), കെ.പി. അബ്ദുൽ കരീം (മസ്കറ്റ് കെഎംസിസി സ്ഥാപക പ്രസിഡന്റ്), അഡ്വ. സി.വി.എ. ലത്തീഫ്, അസ്ലം പെരിങ്ങാടി (ന്യൂ മാഹി പഞ്ചായത്ത് മെമ്പർ), എ.വി. യൂസഫ് (മാഹി സി.എച്ച്. സെന്റർ പ്രസിഡന്റ്), യു.എ. റഹീം (അഴിയൂർ പഞ്ചായത്ത് ലീഗ് പ്രസിഡന്റ്), ആവോളം ബഷീർ
തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
വിദ്യാഭ്യാസ നേട്ടങ്ങളെ ആഘോഷിക്കാനും ഹരിത മുന്നേറ്റത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വളർത്താനും മാഹി മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന ഈ മാതൃകാപരമായ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.