ഇരിട്ടി പാലത്തിന് മുകളിൽ നിന്ന് യുവതി പുഴയിലേക്ക് ചാടി; സാഹസികമായി രക്ഷപ്പെടുത്തി

ഇരിട്ടി പാലത്തിന് മുകളിൽ നിന്ന് യുവതി പുഴയിലേക്ക് ചാടി; സാഹസികമായി രക്ഷപ്പെടുത്തി

ഇരിട്ടി: ഇരിട്ടി പാലത്തിന് മുകളിൽ നിന്ന് യുവതി പുഴയിലേക്ക് ചാടി. പാലത്തിന് സമീപം നിർമ്മാണ ജോലിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയും, വഴിപോക്കനായ യുവാവും ചേർന്നാണ് യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. പാലത്തിന് മുകളിൽ നിന്ന് യുവതി പുഴയിലേക്ക് ചാടുന്നത് കണ്ട ഉടൻ ഇതുവഴി വന്ന ലോറി ഡ്രൈവർ ബഹളം വെക്കുകയായിരുന്നു. ശബ്ദം കേട്ടയുടൻ സമീപത്ത് ജോലിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി പുഴയിലേക്ക് എടുത്തുചാടി. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഇദ്ദേഹം അവശനായി. ഈ സമയം ഇതുവഴി പോവുകയായിരുന്ന മുഴക്കുന്ന് സ്വദേശി പ്രജോദ് കൂടി പുഴയിലേക്ക് എടുത്തുചാടിയതോടെയാണ് രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലായത്. 
വിവരമറിഞ്ഞ് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. യുവതിയെയും, രക്ഷപ്പെടുത്തുന്നതിനിടയിൽ അവശനായ ഇതര സംസ്ഥാന തൊഴിലാളിയെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.