വായനദിന കൂട്ടായ്മകൾക്ക് പുതുമാനം നൽകി സെൻ്റ് മൈക്കിൾസ് വിദ്യാരംഗം കലാസാഹിത്യ വേദി.
വായനദിനാചരണങ്ങൾക്കും കൂട്ടായ്മകൾക്കും പുതുമാനം നൽകി കണ്ണൂർ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി. വായന മത്സരം, ക്വിസ്, ആസ്വാദനക്കുറിപ്പ്, വായനക്കുറിപ്പ്, പുസ്തക ചർച്ച എന്നിങ്ങനെയുള്ള പതിവുകാഴ്ചകളിൽ നിന്നുമുള്ള ഒരു വേറിട്ട യാത്രയായിരുന്നു വായനദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വായനായനം.
കണ്ണൂരിൻ്റെ സാംസ്കാരിക തലസ്ഥാനമായ പയ്യന്നൂരിൻ്റെ ചരിത്രവും സംസ്കാരവും തൊട്ടറിഞ്ഞ് സംഘടിപ്പിച്ച വായനായനം കുട്ടികൾക്കും നവ്യാനുഭവമായി. ചരിത്രവായന, ഗാന്ധിവായന, നവോത്ഥാന വായന, സാഹിത്യവായന എന്നിങ്ങനെ നാല് ദളങ്ങളായിരുന്നു വായനായനം.
ചരിത്രവായനയുടെ ഭാഗമായി ഉപ്പ് സത്യാഗ്രഹ സ്മാരകമായ ഉളിയത്ത് കടവ്, ദേശീയ സമരത്തിന് ഊർജ്ജം പകർന്ന ഖാദി വസ്ത്രങ്ങൾക്ക് ഊടും പാവും നെയ്യുന്ന ഖാദി കേന്ദ്രം എന്നിവിടങ്ങൾ സന്ദർശിച്ചു.
ഗാന്ധിവായനയുടെ ഭാഗമായി ഗാന്ധി മ്യൂസിയം സന്ദർശിച്ച സംഘം നവോത്ഥാന വായനയുടെ ഭാഗമായി സ്വാമി ആനന്ദതീർത്ഥ ആശ്രമത്തിലെത്തുകയും ഗാന്ധിമാവിൻ ചുവട്ടിൽ ഹരിജനോദ്ധാരണം ഉൾപ്പെടെയുള്ള കേരളീയ നവോത്ഥാനത്തെ അടുത്തറിയുകയും ചെയ്തു.സാഹിത്യ വായനയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ നാൽപ്പതിനായിരത്തിലധികം ഗ്രന്ഥങ്ങളുടെ ശേഖരവും ആയിരത്തിയഞ്ഞൂറിലധികം അംഗങ്ങളുമുള്ള അന്നൂർ ശാന്തിഗ്രാമിലെ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിലായിരുന്നു.
ഗ്രന്ഥാലയം പ്രവർത്തകരുമായി സംവദിച്ച സംഘം പ്രവർത്തനങ്ങൾ, പുരസ്കാരങ്ങൾ എന്നിവ പ്രതിപാദിക്കുന്ന ഡോക്യുമെൻ്ററിയും കണ്ടു.
പയ്യന്നൂർ അഗ്നിരക്ഷാനിലയം സന്ദർശിച്ച സംഘം അഗ്നിരക്ഷാ പ്രവർത്തനങ്ങളെക്കുറിച്ച് പ്രാഥമിക അവബോധം നേടാനും സമയം കണ്ടെത്തി.
സഞ്ജയൻ സ്മാരക ഗ്രന്ഥാലയം പ്രസിഡണ്ട് കെ രാമചന്ദ്രൻ, സെക്രട്ടറി സി വി വിനോദ് കുമാർ, സി കെഹരീന്ദ്രൻ മാസ്റ്റർ അധ്യാപകരായ കെ റഷീദ് കുമാർ, വി വൈശാഖ്, വിദ്യാരംഗം കലാസാഹിത്യ വേദി കോഡിനേറ്റർ എ സജിത്ത് എന്നിവർ വായനായനം പരിപാടിക്ക് നേതൃത്വം നൽകി.