'ആളുകളെ കൊന്നൊടുക്കി എല്ലാം പരിഹരിക്കാന്‍ കഴിയില്ല, ഇസ്രയേല്‍ യാഥാര്‍ഥ്യം തിരിച്ചറിയണം'

'ആളുകളെ കൊന്നൊടുക്കി എല്ലാം പരിഹരിക്കാന്‍ കഴിയില്ല, ഇസ്രയേല്‍ യാഥാര്‍ഥ്യം തിരിച്ചറിയണം'

വാഷിങ്ടന്‍: യുഎസും ഇറാനും തമ്മില്‍ ധാരണയിലെത്തിയ സമാധാനക്കരാറിനെതിരെ ഇസ്രയേല്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് രംഗത്ത്. യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുവേണം ഇസ്രയേല്‍ പ്രതികരിക്കാനെന്നും എപ്പോഴും സഹായത്തിനെത്തുന്ന അമേരിക്കന്‍ നേതൃത്വത്തെ ആക്രമിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ യുക്തിസഹമല്ലെന്നും വാന്‍സ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വാന്‍സ് ഇസ്രയേല്‍ നേതാക്കളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

'ഇസ്രയേലിന്റെ സുരക്ഷാ സംവിധാനങ്ങള്‍ക്കും പ്രതിരോധ ശേഷിക്കും അമേരിക്കന്‍ നികുതിദായകരുടെ വലിയ സാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ട്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളിലെ നിരവധി ആയുധങ്ങള്‍ അമേരിക്കയുടെ സഹായത്തിലൂടെയാണ് ലഭിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോള്‍ ഇസ്രയേലിന് ലോകത്തിലെ ഏറ്റവും ശക്തവും വിശ്വസനീയവുമായ സഖ്യകക്ഷികളില്‍ ഒരാളാണ്. അത്തരം സാഹചര്യത്തില്‍ അമേരിക്കന്‍ നേതൃത്വത്തെ തന്നെ ആക്രമിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ യുക്തിസഹമല്ല' -വാന്‍സ് ചൂണ്ടിക്കാട്ടി.

ഇറാനുമായുള്ള കരാറിനെ വിമര്‍ശിക്കുന്നവര്‍ ഉയര്‍ത്തുന്ന പ്രധാന ആശങ്കകളെയും വാന്‍സ് പരാമര്‍ശിച്ചു. കരാറില്‍ ഇറാന്റെ മിസൈല്‍ പദ്ധതികള്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലെന്നും, ആണവ പദ്ധതികള്‍ പൂര്‍ണമായി അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗരേഖ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. കൂടാതെ കരാര്‍ ഇറാനു സാമ്പത്തിക ആശ്വാസം നല്‍കുകയും ഭാവിയില്‍ സൈനികശേഷി പുനര്‍നിര്‍മിക്കാന്‍ അവസരം സൃഷ്ടിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.