കാൽപന്തുകളിയുടെ ആവേശം വിതറി സെൻ്റ് മൈക്കിൾസ് സ്കൂളിൽ ഫാൻസ് റാലി.
കാൽപന്തുകളിയുടെ ആവേശം വിതറി സെൻ്റ് മൈക്കിൾസ് സ്കൂളിൽ ഫാൻസ് റാലി.
മെക്സിക്കോ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശവും ആരവവും കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി കണ്ണൂർ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ഫാൻസ് റാലി സംഘടിപ്പിച്ചു.
1500 ഓളം കുട്ടികൾ അവരുടെ ഇഷ്ട ടീമിൻ്റെ ജേഴ്സി അണിഞ്ഞു കൊണ്ട് റാലിയിൽ അണിനിരന്നപ്പോൾ സ്കൂൾ അങ്കണം വർണ്ണാഭമായി. ദേശത്തിൻ്റെ അതിർവരമ്പുകൾ ഇല്ലാതെ വിശ്വമാനവികതയുടെ സന്ദേശം പകർന്നു നൽകിക്കൊണ്ട് ആവേശത്തോടെയാണ് കുട്ടികൾ റാലിയിൽ അണിചേർന്നത്.
നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീന, ബ്രസീൽ, പോർച്ചുഗൽ എന്നീ ടീമുകൾക്കായിരുന്നു ആരാധകർ കൂടുതൽ. ജർമ്മനി, ഫ്രാൻസ് തുടങ്ങിയ ടീമുകളുടെ ആരാധകരും റാലിയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചു.
ജഴ്സിയുടെ നിറത്തിലുള്ള റിബണുകൾ വീശിയും രാജ്യത്തിൻ്റെ പതാകകൾ വാനിലുയർത്തി പറത്തിയും കാൽപന്തുകളിയുടെ ആവേശം കുട്ടികൾ ഏറ്റുവാങ്ങി.
ലോകത്തിൻ്റെ വിവിധ കോണുകളിൽ ഉള്ള 48 രാജ്യങ്ങളെ കുറിച്ച് കൂടുതൽ അറിയുക, അവരുടെ പതാകകൾ തിരിച്ചറിയുക എന്നിങ്ങനെയുള്ള വിദ്യാഭ്യാസ ലക്ഷ്യം കൂടി ഈ റാലിക്ക് പിന്നിൽ ഉണ്ടായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ രാജ്യങ്ങളായി തിരിഞ്ഞ് ഫുട്ബോൾ മത്സരം, പ്രവചന മത്സരം, ആൽബം നിർമ്മാണ മത്സരം തുടങ്ങിയവയും വിദ്യാലയത്തിൽ സംഘടിപ്പിക്കും.