*സെൻസസ് ഡ്യൂട്ടി അട്ടിമറിക്കപ്പെടുന്നതായി പരാതി*

മാഹി: ഇന്ത്യ സെൻസസ് 2027 പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നുവെന്ന പരാതിയുമായി സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം രംഗത്ത്. ജൂൺ 1 മുതൽ 30 വരെയാണ് മാഹി മേഖലയിലെ സെൻസസ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനായി 75 എന്യൂമറേറ്റർമാരെയും 10 സൂപ്പർവൈസർമാരെയും വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

സെൻസസ് ഡ്യൂട്ടിക്കായി നിയമിതരായ ചില ജീവനക്കാരെ ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ മേലധികാരികൾ സ്ഥാപന ഡ്യൂട്ടിക്ക് ഹാജരാകാൻ നിർദേശിക്കുന്നതായും ഇതുമൂലം സെൻസസ് പ്രവർത്തനങ്ങൾ ബാധിക്കപ്പെടുന്നതായും പരാതിക്കാർ ആരോപിക്കുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നിശ്ചിത സമയത്തിനുള്ളിൽ കണക്കെടുപ്പ് പൂർത്തിയാക്കാൻ കഴിയുമോയെന്ന ആശങ്കയും ഉദ്യോഗസ്ഥർക്കിടയിലുണ്ടെന്നാണ് വിവരം.

അതേസമയം, സെൻസസ് ഡ്യൂട്ടിയിലുള്ള അധ്യാപകരുടെ പ്രവർത്തന പുരോഗതി സംബന്ധിച്ച് പ്രധാനാധ്യാപകരെയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും അറിയിക്കണമെന്നുള്ള നിർദേശം ഉൾപ്പെട്ടതായി പറയപ്പെടുന്ന വാട്സ്ആപ്പ് സന്ദേശവും വിവാദമായിട്ടുണ്ട്. സെൻസസ് വിവരങ്ങളുടെ രഹസ്യസ്വഭാവം ചൂണ്ടിക്കാട്ടി ഇതിനെതിരെ മാഹിയിലെയും പുതുച്ചേരിയിലെയും അധ്യാപക സംഘടനകൾ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയതായും അറിയുന്നു.

വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.