മാഹി ഗവ. ആശുപത്രി യിലെവിവാദം: യാഥാർഥ്യങ്ങൾ മറച്ചുവെച്ച് സംഘടനയെ ലക്ഷ്യമിടുന്ന രാഷ്ട്രീയ പ്രചാരണം അവസാനിപ്പിക്കണം – ബി എം എസ്

 മാഹി: മാഹി ഗവൺമെന്റ് ആശുപത്രിയുമായി ബന്ധപ്പെട്ട് സമീപദിവസങ്ങളിൽ ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുകളും ഭരണപരമായ ആരോപണങ്ങളും അതീവ ഗൗരവത്തോടെയും സുതാര്യമായും അന്വേഷിക്കപ്പെടേണ്ടവയാണ്. എന്നാൽ, ഈ വിഷയങ്ങളിൽ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിനുപകരം, മയ്യഴിയിൽ പുതുതായി രൂപംകൊണ്ട സർവ്വീസ് സംഘടനയെ ലക്ഷ്യമിട്ട് രാഷ്ട്രീയ നിറം നൽകാൻ ചില കോണുകളിൽ നിന്ന് ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. ഇത്തരം വ്യാജപ്രചാരണങ്ങൾ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തരംതാണ നീക്കമാണെന്ന് ബി എം എസ് മാഹി മേഖല പ്രസിഡണ്ട് സത്യൻ ചാലക്കര ആരോപിച്ചൂ  


പൊതുജനാരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള അനാവശ്യ പ്രവണതകളോ ക്രമക്കേടുകളോ ഉണ്ടായിട്ടുണ്ടെങ്കിൽ, അത് രാഷ്ട്രീയ വൈരാഗ്യങ്ങളും വ്യക്തിപരമായ താൽപര്യങ്ങളും മാറ്റിനിർത്തിക്കൊണ്ട് തന്നെ അന്വേഷിക്കണം. സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനൊപ്പം ആശുപത്രിയുടെ കാര്യക്ഷമവും ജനകീയവുമായ പ്രവർത്തനം ഉറപ്പാക്കുകയുമാണ് വേണ്ടത്. അത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വവുമാണ്.


ബി.എം.എസ്ൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർവ്വീസ് സംഘടന സർക്കാർ ജീവനക്കാരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ നന്മയ്ക്കും തുല്യ പ്രാധാന്യമാണ് നൽകുന്നത്. ജനങ്ങളുടെ വിശ്വാസം നിലനിർത്താനും പൊതുസ്ഥാപനങ്ങളുടെ സുതാര്യത ഉറപ്പാക്കാനും ആവശ്യമായ എല്ലാ നന്മയുള്ള ഇടപെടലുകൾക്കും സംഘടന എന്നും പ്രതിബദ്ധമായിരിക്കും.

ഭരണപരമായ വീഴ്ചകളുടെ പേരിൽ പുതിയ സംഘടനയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നവർ ചീത്തപ്പേര് ഉണ്ടാക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. അഴിമതിക്കെതിരെയും ജനപക്ഷത്തുനിന്നുമുള്ള സുതാര്യമായ ഏത് അന്വേഷണത്തോടും സംഘടന പൂർണ്ണമായി സഹകരിക്കുമെന്നും, വസ്തുതകൾ വളച്ചൊടിച്ചുള്ള രാഷ്ട്രീയ കുപ്രചാരണങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ബി എം എസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.