കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ്, വിചാരണ നേരിടണമെന്ന് കോടതി

കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ്, വിചാരണ നേരിടണമെന്ന് കോടതി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. 28 പ്രതികളും വിചാരണ നേരിടണമെന്നും കൊച്ചിയിലുള്ള പിഎംഎല്‍എ കോടതി ഉത്തരവിട്ടു. പ്രതികള്‍ക്ക് സമ്മന്‍സ് അയച്ച കോടതി, ജൂലൈ നാലിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ നേരിട്ട് ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു.

കേസില്‍ കഴിഞ്ഞ ദിവസം ഇഡി രണ്ടാം ഘട്ട കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരം കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞാല്‍ അതില്‍ വിചാരണ തുടങ്ങുന്നതിന് മുന്‍പ് പ്രതികളുടെ വാദം കേള്‍ക്കണം. അത്തരത്തില്‍ പ്രതികളുടെ വാദം കേട്ട ശേഷമാണ് കോടതിയുടെ ഉത്തരവ് വന്നത്. പ്രതികളുടെ വാദം തള്ളിയ കോടതി, കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ല, കുറ്റം ചെയ്തു എന്നതിന് തെളിവില്ല തുടങ്ങിയ വാദങ്ങളാണ് പ്രതികള്‍ ഉന്നയിച്ചത്.

കേസില്‍ 83 പ്രതികളാണ് ഉള്ളത്. ഇതില്‍ 55 പ്രതികള്‍ക്കെതിരെയാണ് നടപടി തുടങ്ങിയത്. ഈ 55 പ്രതികളില്‍ 28 പേര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.

പ്രമുഖ സിപിഎം നേതാക്കളായ എ സി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍, സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് തുടങ്ങിയവര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നാണ് സിപിഎം ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. കരുവന്നൂര്‍ ഭരണസമിതിയെ നിയന്ത്രിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി സബ് കമ്മിറ്റിയെ വെച്ചു. ഈ സബ് കമ്മിറ്റി വഴിവിട്ട വായ്പകള്‍ പലര്‍ക്കും നല്‍കിയെന്നാണ് ഇഡിയുടെ പ്രധാന വാദം.