എഡിഎം നവീൻ ബാബുവിന്റെ മരണം; അന്വേഷണം സിബിഐക്ക് വിട്ടു

എഡിഎം നവീൻ ബാബുവിന്റെ മരണം; അന്വേഷണം സിബിഐക്ക് വിട്ടു

കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്തിക്കൊണ്ട് സംസ്ഥാന സർക്കാർ തീരുമാനമെടുത്തു.

നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് ചൂണ്ടിക്കാട്ടി നവീൻ ബാബുവിന്റെ കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരില്‍ കണ്ട് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കേസ് സിബിഐക്ക് വിടാൻ ഔദ്യോഗികമായി തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ തന്നെ സർക്കാർ പുറത്തിറക്കും.

കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്ന് നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷയും സഹോദരൻ പ്രവീണ്‍ ബാബുവും മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോടും ആവശ്യപ്പെട്ടിരുന്നു. നിലവിലെ പൊലീസ് റിപ്പോർട്ടുകളില്‍ നിരവധി അപാകതകള്‍ ഉണ്ടെന്നും, ഗൂഢാലോചനയെക്കുറിച്ച്‌ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ മാത്രം പ്രതി ചേർത്തുള്ള നിലവിലെ അന്വേഷണത്തില്‍ നിർണായകമായ പല വിവരങ്ങളും മറച്ചുവെക്കപ്പെട്ടതായി കുടുംബം സംശയിക്കുന്നുണ്ട്. വിജ്ഞാപനം വരുന്നതോടെ കേസിന്റെ തുടർനടപടികള്‍ പൂർണമായും സിബിഐ ഏറ്റെടുക്കും. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം സിബിഐക്ക് വിടുന്ന ആദ്യത്തെ സുപ്രധാന കേസാണിത്.

അതേസമയം, നവീൻ ബാബു കേസ് സിബിഐക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ സിപിഎം രംഗത്തെത്തിയിട്ടുണ്ട്. ഈ നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും, നിലവിലെ അന്വേഷണത്തില്‍ കോടതികള്‍ക്ക് വരെ വിശ്വാസമുണ്ടായിരുന്നുവെന്നും സിപിഎം നേതൃത്വം പ്രതികരിച്ചു. യുഡിഎഫ് സർക്കാരിന്റേത് രാഷ്ട്രീയ വേട്ടയാടല്‍ ആണെന്നാണ് സിപിഎമ്മിന്റെ വാദം.

പുതിയ സിബിഐ അന്വേഷണം ആരംഭിക്കുന്നതോടെ, വിവാദ പെട്രോള്‍ പമ്പിന്റെ യഥാർഥ ഉടമ ആരെന്ന് കണ്ടെത്താനും, മുൻ ജില്ലാ കലക്ടറുടെ പങ്കിനെക്കുറിച്ചും വിശദമായ പരിശോധനകള്‍ നടക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.