കർണാടകയിൽ ഡികെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്; മന്ത്രിസഭയിൽ രണ്ട് മലയാളികളും

കർണാടകയിൽ ഡികെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്; മന്ത്രിസഭയിൽ രണ്ട് മലയാളികളും

ബെംഗളൂരു: കര്‍ണാടകയില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ലോക്ഭവനില്‍ വൈകിട്ട് 4.05നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഡി കെ ശിവകുമാറിനൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മന്ത്രിസഭയില്‍ കെ ജെ ജോര്‍ജ് യു ടി ഖാദര്‍ എന്നീ മലയാളികളും ഇടംപിടിച്ചിട്ടുണ്ട്.

സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്ത് നിയമസഭ സ്പീക്കറായിരുന്നു യു ടി ഖാദര്‍. കാസര്‍കോട് ജില്ലയിലെ ഉള്ളാല്‍ സ്വദേശിയാണ്. മംഗലൂരു നിയമസഭ മണ്ഡലത്തില്‍ നിന്നും നാലാം തവണയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ പ്രധാന വകുപ്പുകളിലൊന്നില്‍ മന്ത്രിയാകും. മുതിര്‍ന്ന നേതാക്കളായ ജി പരമേശ്വര, സതീഷ് ജാര്‍ക്കിഹോളി, എംബി പാട്ടീല്‍, പ്രിയങ്ക് ഖാര്‍ഗെ തുടങ്ങിയവരും മന്ത്രിമാരാകുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ സംസ്ഥാന മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിനായി ശിവകുമാറും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കഴിഞ്ഞ ദീവസം ഡല്‍ഹിയിലെത്തിയിരുന്നു. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ വിഡി സതീശന്‍, രേവന്ത് റെഡ്ഡി എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

സ്ഥാനമൊഴിഞ്ഞ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായി നിയമിച്ചു. മകന്‍ യതീന്ദ്ര സിദ്ധരാമയ്യയെ മന്ത്രിസഭയിലേക്കും പരിഗണിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രിയായിരുന്ന ഡോക്ടര്‍ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. എം ബി പാട്ടീല്‍, കൃഷ്ണ ബൈരേ ഗൗഡ, സതീഷ് ജാര്‍ക്കഹോളി, യു ടി ഖാദര്‍, കെ എച്ച് മുനിയപ്പ, കെ ജെ ജോര്‍ജ്, പ്രിയങ്ക് ഖാര്‍ഗെ, ഡോക്ടര്‍ യതീന്ദ്ര സിദ്ധരാമയ്യ, രാമലിംഗ റെഡ്ഡി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാര്‍. ജൂണ്‍ 18ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ വികസനം ഉണ്ടാകും.