കൊട്ടിയൂരിൽ തീർഥാടക പ്രവാഹം
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ മൂന്നാം ദിവസം കൊട്ടിയൂരും പരിസരവും ജനനിബിഡം.
സ്കൂൾ തുറക്കുന്നതിന് മുൻപും ഉത്സവം തുടങ്ങുന്ന ആദ്യ ഞായർ എന്നതിനാലും വെളുപ്പിന് മുതൽ കൊട്ടിയൂരിലേക്ക് തീർഥാടകരുടെ പ്രവാഹമായിരുന്നു.
കർണാടകത്തിൽ നിന്ന് റെക്കോഡ് ജനക്കൂട്ടം കൊട്ടിയൂരിൽ എത്തി. പുലർച്ചെ മുതൽ ടൂറിസ്റ്റ് ബസ്സുകളും ചെറുതും വലുതുമായ വാഹനങ്ങളും കൊട്ടിയൂർ ലക്ഷ്യമാക്കി കുതിച്ചെത്തി.
സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബങ്ങളാണ് കൊട്ടിയൂരിൽ ഞായറാഴ്‌ച എത്തിയവരിൽ ഭൂരിഭാഗവും. തിരുവഞ്ചിറ രാവിലെ മുതൽ ജനസാഗരമായി.
വൈകിട്ട് പെയ്ത കനത്ത മഴയും ജനത്തിരക്കിനെ ബാധിച്ചില്ല. കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയും പൊലീസിന്റെ ഇടപെടലും വഴി ഇത്തവണ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമായില്ല.
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ താൽക്കാലിക ശ്രീകോവിൽ നിർമാണം ഞായറാഴ്ച ആരംഭിച്ചു.
മുള, ഓട, ഞെട്ടിപ്പനയോല എന്നിവ ഉപയോഗിച്ചാണ് താൽക്കാലിക ശ്രീകോവിൽ നിർമിക്കുക. ബ്രാഹ്മണ സ്ഥാനികരുടെ നേതൃത്വത്തിൽ ശ്രീകോവിൽ ഇല്ലാതെ മണിത്തറയിലാണ് പാരമ്പര്യ രീതിയിലുള്ള പൂജകൾ.